പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട് മുക്കാൻ തോട്ടിൽ ജില്ലാ പഞ്ചായത്ത് രണ്ടര കോടിക്ക് നിർമ്മിച്ച പൊതുശ്‌മശാനമായ 'ശാന്തികുടീരം" ഒക്ടോബർ ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വാങ്ങിയ അമ്പത് സെന്റിലാണ് ശ്‌മശാനം നിർമ്മിച്ചത്. ഇവിടേക്കുള്ള വഴി ആറ് മീറ്റർ വീതിയിൽ കോൺക്രീറ്റിട്ടു. രണ്ടരലക്ഷം രൂപ ചെലവിൽ ത്രീ ഫേസ് വൈദ്യുതി ലൈൻ സ്ഥാപിച്ചു. നന്ദിയോട്, വിതുര, പനവൂർ, പാങ്ങോട് പഞ്ചായത്തുകൾക്ക് ഇത് പ്രയോജനപ്പെടും. പൂന്തോട്ടവും സെക്യൂരിറ്റി കെട്ടിടവും ഓഫീസും അന്തിമോപചാരം അർപ്പിക്കാനും ദഹിപ്പിക്കാനുമുള്ള കെട്ടിടവും ഉൾപ്പെടുന്നതാണ് ശാന്തികുടീരം. പരമ്പരാഗത സംവിധാനത്തിൽ വിറക് ഉപയോഗിച്ച് സംസ്കാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഇവിടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിലാണ് ശാന്തികുടീരം പൂർത്തിയാക്കുന്നത്.
ശാന്തികുടീരത്തിന്റെ പ്രത്യേകതകൾ
മൃതദേഹം ദഹിപ്പിക്കുമ്പോൾ പുകയോ ദുർഗന്ധമോ ഉണ്ടാവില്ല
ചിമ്മിനിയും ഫർണസും അടങ്ങുന്ന ക്രിമിറ്റോറിയം
മൃതദേഹം ദഹിപ്പിക്കുന്നത് ഗ്യാസ് ഉപയോഗിച്ചാണ്
ഫർണസിലെ നാല് ബർണറുകളിൽ ചൂട് ക്രമീകരിക്കും
പുക ബ്ലോവറിന്റെ സഹായത്തോടെ മുപ്പത് മീറ്റർ ഉയരമുള്ള ചിമ്മിനിയിലൂടെ കടത്തിവിടും
സ്‌പോട്സ് ഹബ്
ജില്ലാ പഞ്ചായത്ത് നാല് കോടിക്കാണ് പെരിങ്ങമ്മലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ പതിനായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയവും ഹബും നിർമ്മിച്ചത്. പി.വി.സി ഫ്ലോറിംഗ് ചെയ്‌ത ബാഡ്മിന്റൺ കോർട്ട്, ടെന്നീസ് കോർട്ട്, തടി പാകിയ വോളിബാൾ കോർട്ട്, ബാസ്കറ്റ് ബാൾ, മിനി ജിംനേഷ്യം തുടങ്ങിയവയ്‌ക്കുള്ള കോർട്ടുകൾ, ക്രിക്കറ്റ് പ്രാക്ടീസിനുള്ള പിച്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |