കല്ലറ: എസ്റ്റേറ്റിൽ പണിയെടുക്കുകയായിരുന്ന സ്ത്രീ തൊഴിലാളികളെ ഭയപ്പാടിലാക്കിയ പെരുമ്പാമ്പിനെ നേതാവ് വാലിൽ തൂക്കി ചാക്കിലാക്കി. പാങ്ങോട് വട്ടക്കരികത്താണ് ഇന്നലെ രാവിലെ കൗതുകകരമായ രംഗം അരങ്ങേറിയത്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി ഗിരിജ വട്ടക്കരിക്കകത്തുള്ള തന്റെ എസ്റ്റേറ്റിൽ തൊഴിലാളികളെക്കൊണ്ട് പണി ചെയ്യിപ്പിക്കുന്നതിനിടെയാണ് സമീപത്തായി കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. പേടിച്ചരണ്ട ഇവർ വിളിച്ചു കൂവിയത് കേട്ട കോൺഗ്രസ് കല്ലറ ബ്ലോക്ക് ജനറൽ സെക്രട്ടറിയും നാട്ടുകാരനുമായ വട്ടക്കരിക്കകം ഷാനവാസ് ഓടിയെത്തി. തൊഴിലാളികളെ പേടിപ്പിച്ച് തലങ്ങും വിലങ്ങും ഇഴഞ്ഞ് നീങ്ങുകയായിരുന്ന പെരുമ്പാമ്പിനെ ഒരു പാമ്പുപിടിത്തക്കാരന്റെ മെയ്‌വഴക്കത്തോടെ വാലിൽ തൂക്കിയെടുത്ത ഷാനവാസ് ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി. തുടർന്നാണ് സ്ത്രീ തൊഴിലാളികൾക്ക് ആശ്വാസമായത്. വിവരം അറിയിച്ചതനുസരിച്ച് പാലോട് റേഞ്ച് ഒാഫീസിൽ നിന്നുമെത്തിയ വനപാലകർ ഇതിനെ കൊണ്ടുപോയി. പാമ്പിന് എട്ട് അടി നീളവും പത്ത് കിലോ ഭാരവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |