തിരുവനന്തപുരം: പേരൂർക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ നിർദ്ദേശിച്ച ഫ്ലൈ ഓവറിനോട് അവസാനം അധികൃതർ 'നോ' പറഞ്ഞു. പണമില്ലാത്തതിനാൽ പേരൂർക്കട ഫ്ളൈ ഓവർ ഒഴിവാക്കിയപ്പോൾ പകരം നാട്ടുകാർ തന്നെ തിരക്കൊഴിവാക്കാൻ ബദൽ മാർഗം കണ്ടെത്തി. ഇതിന് ഫ്ലൈഓവറിന് നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയുടെ നാലിലൊന്ന് പോലും വേണ്ടിവരില്ലെന്നാണ് നാട്ടുകാരും ഫ്രാറ്റും പറയുന്നത്.
കളക്ടറേറ്റിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോഡ് ഉൾപ്പെടെ ഒമ്പതു റോഡുകളാണ് ജംഗ്ഷനിലെത്തുന്നത്. നെടുമങ്ങാട് ഭാഗത്ത് നിന്ന് നഗരത്തിലേക്കും തിരിച്ചും അതിവേഗതയിൽ വരുന്ന വാഹനങ്ങളൊക്കെ കുരുക്കിലാകുന്നത് പേരൂർക്കട ജംഗ്ഷനിലാണ്. 2002 മുതൽ പേരൂർക്കടയിൽ ഫ്ലൈഓവറിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 2016 -17 ലെ ബഡ്‌ജറ്റിലാണ് പേരൂർക്കടയിലെ അണ്ടർപ്പാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പണം വകയിരുത്തിയത്. പേരൂർക്കടയ്ക്ക് മാത്രം 5 കോടി രൂപ തത്കാലം നീക്കിവയ്ക്കുകയും ചെയ്തു. ഇതിനായി ഭരണാനുമതിയും നൽകി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരളയെ (ആർ.ബി.ഡി.സി.കെ) ഇതിനായുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി (എസ്.പി.വി) നിശ്ചയിക്കുകയും ചെയ്തു. 120 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. പിന്നീട് ബഡ്ജറ്റ് തുകയ്ക്ക് പകരം കിഫ്ബി ഫണ്ടുപയോഗിച്ച് ചെയ്യാനായിരുന്നു നിർദ്ദേശം. വിശദമായ പരിശോധനയിൽ പൈപ്പ്ലെെനുകളെ പ്രതികൂലമായ ബാധിക്കുന്നതിനാൽ അണ്ടർപാസ് പ്രായോഗികമല്ലെന്ന് കണ്ടെത്തി.
പദ്ധതി ഒടുവിൽ ഇങ്ങനെ
2018 ജനുവരി 11നാണ് അണ്ടർപാസ് അപ്രായോഗികമാണെന്നും ഇതിന് പകരം രണ്ടുവരി ഫ്ലൈ ഓവറിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചത്.
രണ്ടുവരി ഫ്ലൈ ഓവറിനായി 30.7.18ന് വിശദമായ പദ്ധതി രേഖ 104 കോടി രൂപയുടെ എസ്റ്റ്മേറ്റ് സഹിതം കിഫ്ബിയിൽ ആർ.ബി.ഡി.സി.കെ അപ്‌ലോഡ് ചെയ്തു.
പദ്ധതി ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്ന് 2020 ജനുവരി 30ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു
പദ്ധതിയുടെ വിശദാംശങ്ങൾ
നാട്ടുകാരുടെ പദ്ധതി
നഗരത്തിൽ നിന്ന് പേരൂർക്കടയ്ക്ക് വരുമ്പോൾ ജംഗ്ഷന് തൊട്ടുമുമ്പ് എസ്.ബി.ഐ പരിസരത്ത് നിന്നു തുടങ്ങി ഇടതുഭാഗത്തേക്ക് നീങ്ങി കുടപ്പനക്കുന്ന റോഡിൽ സിന്ധു ഫ്ലവർമിൽ ഇരിക്കുന്ന ഭാഗത്തേക്ക് എട്ട് മീറ്റർ വീതിയിൽ 200 മീറ്റർ നീളത്തിൽ റോഡ് പണിയുകയാണ് വഴി. ഫ്രാറ്റാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. കുടപ്പനക്കുന്നിൽ നിന്നും ഒന്നു കറങ്ങി വരണമൊന്നൊഴിച്ചാൽ വൺവേ ട്രാഫിക് പാലിക്കുകയാണെങ്കിൽ പേരൂർക്കടയിലെ ഗതാഗതക്കുരുക്കഴിക്കാമെന്നുള്ളതാണ് ഇതിന്റെ മെച്ചം.
പദ്ധതിയുടെ മെച്ചം
പണി നടക്കുമ്പോൾ ഗതാഗതം മുടങ്ങില്ല
പൊളിച്ചുമാറ്റേണ്ടിവരുന്ന കടകൾ മൂന്നോ നാലോ
വീടുകൾ രണ്ടെണ്ണം
നിർമ്മാണ ചെലവ് 25 കോടി മതി
വാഗ്ദാനം മാത്രം
ഈ വർഷം ജനുവരിയിൽ തന്നെ പദ്ധതി നടപ്പില്ലെന്ന് പൊതുമരാമത്ത് വകുപ്പ് തീർത്തു പറഞ്ഞതാണ്. എന്നിട്ടും കിഫ്ബി ഫണ്ടിൽ നിന്ന് പേരൂർക്കട ഫ്ളൈഓവർ നിർമ്മിക്കുമെന്ന് പറഞ്ഞ് വി.കെ. പ്രശാന്ത് എം.എൽ.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഫ്രാറ്റ് സോണൽ പ്രസിഡന്റും ജനകീയ പദ്ധതി രൂപരേഖയ്ക്ക് നേതൃത്വം നൽകുകയും ചെയ്‌ത പി. ഹരിഹരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |