ചാരുംമൂട്: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിയെ തെറ്റിദ്ധരിപ്പിക്കുകയും വീടുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്ത് അര ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ കുറത്തികാട് പൊലീസ് പിടികൂടി. വയനാട് വെള്ളമുണ്ട കട്ടയോട് തോണിക്കടവൻ വീട്ടിൽ ഫൈസലിനെയാണ് (36) അറസ്റ്റ് ചെയ്തത്. കോമല്ലൂരിലെ ഒരു വീട്ടിൽ സംശയകരമായി യുവാവ് വന്നു പോകുന്നതായി സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഇയാൾ പിടിയിലായത്.
പൊലീസ് പറയുന്നത്: കോമല്ലൂർ സ്വദേശിയായ യുവാവ് ചങ്ങനാശേരിയിൽ സി.എം.എയ്ക്ക് പഠിക്കുകയാണ്. വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഫൈസലിനിടെ പരിചയപ്പെടുന്നത്. സൗഹൃദം മുറുകിയതോടെ ഇയാൾ യുവാവിന്റെ വീട്ടിൽ വരാൻ തുടങ്ങി. ബ്രാഹ്മണ കുടുംബാംഗമാണെന്നും വൈശാൽ എന്നാണ് പേരെന്നും യുവാവിന്റെ കുംടുംബാംഗങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇയാൾ എത്തുന്ന ദിവസങ്ങളിൽ വീട്ടിൽ മത്സ്യ-മാംസാദികൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. അറബിയും തമിഴുമുൾപ്പെടെ പല ഭാഷകളും അറിയാമെന്നും ഇയാൾ വീട്ടുകാരെ വിശ്വസിപ്പിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് 10 ദിവസത്തോളം ഇയാൾ കോമല്ലൂരിലെ യുവാവിന്റെ വീട്ടിൽ താമസിച്ചു. വീട്ടിലെ ഒരംഗത്തെ പോലെയാണ് വീട്ടുകാർ കണ്ടിരുന്നത്. ഇയാളുടെ ഉപദേശത്തെത്തുടർന്ന് വിളക്കുവയ്ക്കാനായി വീട്ടുകാർ കുര്യാല പണിഞ്ഞിരുന്നു. ഇതിനിടെ യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് 50,000 രൂപ കൈക്കലാക്കി. 8 ദിവസം മുമ്പാണ് ഏറ്റവുമൊടുവിൽ കോമല്ലൂരിലെത്തിയത്. വീട്ടിൽ ഇടയ്ക്ക് പൂജകളും നടത്തുമായിരുന്നു. നേട്ടങ്ങളുണ്ടാകാൻ ഏലസ് പൂജിച്ച് ധരിക്കണമെന്ന് വീട്ടുകാരെ ഉപദേശിക്കുമായിരുന്നു. ഇതിനിടെയാണ് ഇയാളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതും പിടിയിലായതും.
ഭാര്യയുണ്ട്, ഒരു കുട്ടിയും
പൊലീസിന്റെ ചോദ്യം ചെയ്യലിൽ കഴിഞ്ഞ 2 വർഷമായി ഫൈസൽ ചെങ്ങന്നൂർ ആലയിൽ താമസിച്ച് കൃഷിപ്പണികൾ ചെയ്യുകയായിരുന്നു. സ്വന്തം പേരിൽ തന്നെയായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ട് എസ്.ഐ വി. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇയാളുമായി ഇവിടെയെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വെള്ളമുണ്ട സ്റ്റേഷനുമായി കുറത്തികാട് പൊലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ഫൈസൽ എന്നു തന്നെയാണ് പേരെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹിതനും ഒരു കുട്ടിയുമുള്ള ഇയാൾ വിവാഹബന്ധം പിരിഞ്ഞു കഴിയുകയാണ്. ചില്ലറ തട്ടിപ്പുകൾ നടത്തുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |