തിരുവനന്തപുരം: ഡൽഹിയിൽ വിവിധ വിദേശ രാജ്യങ്ങളുടെ എംബസികളും കോൺസുലേറ്റുകളും സ്ഥിതി ചെയ്യുന്ന ചാണക്യപുരിയിലെ ഡിപ്ലോമാറ്റിക് എൻക്ലേവിന്റെ ചുവടുപിടിച്ച് തലസ്ഥാനത്ത് ഡിപ്ലോമാറ്റിക് എൻക്ലേവ് സ്ഥാപിക്കാൻ ഇടപെടൽ ശക്തമാക്കണം. ജനസംഖ്യയുടെ നല്ലൊരു ശതമാനം പേർ പ്രവാസികളായ സംസ്ഥാനത്ത് ഇവർക്ക് സൗകര്യങ്ങളൊരുക്കാൻ കൂടി കഴിയുന്ന വിധത്തിൽ കോൺസുലേറ്റിന്റെ സാന്നിദ്ധ്യം വളരെ സഹായകരമാണ്. നിലവിലുള്ള കോൺസുലേറ്റുകളെയും ഇനി വരാനിരിക്കുന്ന കോൺസുലേറ്റുകളെയും ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുകയും ഉദ്യോഗസ്ഥർക്ക് കൂടി താമസ സൗകര്യമൊരുക്കുകയും ചെയ്യുന്ന വിധത്തിൽ തലസ്ഥാനത്ത് ഒരു മിനി ചാണക്യപുരി ഡിപ്ലോമാറ്റിക് എൻക്ലേവ് സ്ഥാപിക്കുകയാണെങ്കിൽ തിരുവനന്തപുരത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കും. നഗരത്തിൽ 100 ഏക്കർ സ്ഥലം സംഘടിപ്പിച്ച് ഒരു ചെറുനഗരം പണിതാൽ തിരുവനന്തപുരത്തിന് അഭിമാനമാകുന്നതോടൊപ്പം പ്രവാസികൾക്ക് അഭിമാനം കൂടിയാകും. സമീപകാലത്ത് ഏറ്റവും വിവാദമായ യു.എ.ഇ കോൺസുലേറ്റ് അട്ടക്കുളങ്ങരയിലാണ് സ്ഥിതിചെയ്യുന്നത്. ജർമ്മൻ കോൺസുലേറ്റിന് സമാനമായി പ്രവർത്തിക്കുന്ന പാളയത്തിനടുത്തുള്ള ഗോയ്‌ഥേ സെന്റർ, ഫ്രഞ്ച് എംബസിക്ക് കീഴിലുള്ള വഴുതക്കാട്ടെ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രം, വാന്റോസ് ജംഗ്ഷനിലെ റഷ്യൻ കോൺസുലേറ്റ്, വെള്ളയമ്പലത്തെ ശ്രീലങ്കൻ കോൺസുലേറ്റ്, കുമാരപുരത്തെ മാലിദ്വീപ് കോൺസുലേറ്റ് തുടങ്ങിയവയാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുകളും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും.
പ്രവാസികൾ 24 ലക്ഷം
2019ലെ കണക്കുപ്രകാരം മലയാളികളായ പ്രവാസികളുടെ എണ്ണം 24ലക്ഷം വരുമെന്നാണ് കണക്ക്. ഇതല്ലാതെ വിദേശങ്ങളിൽ പോയി വരുന്നവരും അനേകമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയുടെ കോൺസുലേറ്റ് മാത്രമാണ് ഇവിടെയുള്ളത്. ഗൾഫ് രാജ്യങ്ങളിൽ തന്നെ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും നിരവധി മലയാളികളുണ്ട്. ഇവിടെയെല്ലാം ഇന്ത്യൻ കോൺസുലേറ്റുകളുമുണ്ട്. അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായും തൊഴിലിനായും നിരവധി പേരാണ് പോകുന്നത്. ഇവർ പലപ്പോഴും അമേരിക്കൻ കോൺസുലേറ്റിൽ പോകാൻ ചെന്നൈ വരെ പോകേണ്ടിവരും. തലസ്ഥാനത്തിന് പുറത്ത് നൂറ് ഏക്കറോളും സ്ഥലം കണ്ടെത്തുകയും സൗകര്യമൊരുക്കുകയും ചെയ്താൽ കൂടുതൽ വിദേശ കോൺസുലേറ്റുകൾ ആരംഭിക്കുന്നതിനും സഹായകരമാകും.
പ്രവാസികൾക്ക് ആശ്വാസമാകും
ഏറ്റവും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. വിസ സംബന്ധമായ പല ആവശ്യങ്ങൾക്കും പ്രവാസികൾക്കും മറ്റും വിദേശ രാജ്യത്തെ കോൺസുലേറ്റുകളുമായി ബന്ധപ്പെടേണ്ടിവരും. ഇത് ഒരു പ്രത്യേക കേന്ദ്രത്തിലാണെങ്കിൽ വളരെ സൗകര്യപ്രദമായിരിക്കും. സംസ്ഥാന സർക്കാരിന് വിദേശ കോൺസുലേറ്റുകളുമായി ഇടപെടേണ്ട അവസരങ്ങൾ കുറവായിരിക്കുമെങ്കിലും തിരുവനന്തപുരത്ത് തന്നെ കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നത് ഭരണപരമായ സൗകര്യത്തിന് സഹായകരമാണ്. നേരത്തെ യു.എ.ഇ കോൺസുലേറ്റ് കേരളത്തിൽ സ്ഥാപിക്കാനൊരുങ്ങിയപ്പോൾ കൊച്ചിയിൽ വേണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന ഭരണകൂടം തിരുവനന്തപുരത്തായതിനാൽ ഇവിടെ എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |