കോലഞ്ചേരി: ഓൺലൈൻ മാദ്ധ്യമങ്ങളിൽ കാണാതാകുന്ന കുട്ടികളെക്കുറിച്ച് വരുന്ന അടിസ്ഥാനമില്ലാത്ത വാർത്തകൾ രക്ഷിതാക്കളിൽ ആശങ്ക വളർത്തുന്നു.
സംസ്ഥാനത്ത് കുട്ടികളെ കാണാതാകൽ കേസുകൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് പൊലീസ് വിശദീകരണം. കാണാതാകുന്ന കുട്ടികളിൽ ഏതാണ്ടെല്ലവരെയും തൊട്ടടുത്ത ദിവസങ്ങളിൽ കണ്ടെത്തുന്നുമുണ്ട്. ഇവരെയെല്ലാം തട്ടിക്കൊണ്ടുപോകുന്നതാണെന്ന പ്രചാരണമാണ് സമൂഹ മാദ്ധ്യമങ്ങളിൽ.
ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കർ, അന്യസംസ്ഥാന നാടോടി സംഘങ്ങൾ ഇങ്ങിനെയൊക്കെയാണ് പ്രചാരണം. സമീപകാലത്തൊന്നും ഇത്തരത്തിൽ ഒരു കേസുപോലും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും മലയാളികൾ തന്നെയാണെന്ന് പൊലീസ് പറയുന്നു.
പഠന പ്രശ്‌നങ്ങൾ, പ്രേമബന്ധങ്ങൾ, രക്ഷകർത്താക്കളുടെ ശകാരം, പീഡനം,വീട്ടുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, എന്നിവയാണ് കുട്ടികളുടെ ഒളിച്ചോട്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ.
മൊബൈലും ടി.വിയും വിലക്കിയതിനു വരെ വീട് വിട്ടിറങ്ങിയ കുട്ടികളുണ്ട്. സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള സൗഹൃദവും മറ്റൊരു കാരണമാണ്.
2019 സംസ്ഥാനത്തു 18 വയസിനു താഴെയുള്ള 1271 ആൺകുട്ടികളേയും 1071 പെൺകുട്ടികളേയും കാണാതായത് സംബന്ധിച്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1240 ആൺകുട്ടികളെയും 1050പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി.
മാതാപിതാക്കൾ അറിയാൻ
• കുട്ടികളെ തന്നെയാണ് ആദ്യം ബോധവത്ക്കരിക്കേണ്ടത്.
• അവർ തന്നെയാകണം അവരുടെ ആദ്യ രക്ഷകൻ. അതിനുള്ള പൊടിക്കൈകൾ പറഞ്ഞുകൊടുക്കുക.
• ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളോട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാം
• അപരിചതരോട് എങ്ങനെയൊക്കെ പെരുമാറണമെന്ന് പഠിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |