തൃശൂർ: ജനങ്ങളോടൊപ്പം ആവശ്യമറിഞ്ഞ് അവർക്കൊപ്പം നിൽക്കുന്ന ഇടത് സർക്കാരിനെ അട്ടിമറിക്കാൻ കോലീബി സഖ്യം ശ്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ ആരോപിച്ചു. യു.ഡി.എഫും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ സർക്കാരിനൊപ്പം നിൽക്കേണ്ട പ്രതിപക്ഷം, ചെയ്തത് കേരളത്തെ തകർക്കുന്ന സമീപനമായിരുന്നുവെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങളും ശാരീരിക അകലവും പാലിച്ചായിരുന്നു കൂട്ടായ്മ. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അദ്ധ്യക്ഷനായി. എ.വി വല്ലഭൻ (എൻ.സി.പി), സി.ആർ വത്സൻ ( കോൺഗ്രസ് എസ്), യൂജിൻ മോറേലി ( എൽ.ജെ.ഡി), ഐ.എ റപ്പായി (ജനതാദൾ എസ്), മുഹമ്മദ് ചാമക്കാല (ഐ.എൻ.എൽ), പോൾ എം ചാക്കോ ( കേരള കോൺഗ്രസ് സ്‌കറിയ), ജോഷി കുര്യാക്കോസ് (ജനാധിപത്യ കേരള കോൺഗ്രസ്), ഷൈജു ബഷീർ (കേരള കോൺഗ്രസ് ബി), രാജീവ് (ആർ.ജെ.ഡി ലെഫ്റ്റ്), സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |