ന്യൂഡൽഹി: ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ എൻ.കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ട ലക്‌നൗ സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറിയും അഭിഭാഷകനുമായ സഫര്യബ് ജിലാനി അറിയിച്ചു. വിധിയിൽ സംതൃപ്തരല്ല. ഇത് തെറ്റായ വിധിയാണ്. കുറ്റാരോപിതർ പ്രകോപന പ്രസംഗങ്ങൾ നടത്തിയതിനടക്കം നിരവധി തെളിവുകളുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമടക്കം നൂറുകണക്കിന് സാക്ഷികളുടെ മൊഴികളുണ്ട്. ക്രിമിനൽകേസിൽ ഇത് പ്രധാനമാണ്. ഇരകളും സാക്ഷികളും അപ്പീൽ നൽകും. സി.ബി.ഐയും അപ്പീൽ പോകണം. അദ്ദേഹം പറഞ്ഞു.
വിധി അംഗീകരിക്കണം: ഇക്ബാൽ അൻസാരി
ലക്‌നൗ സി.ബി.ഐ കോടതി വിധിയെ ബാബ്‌റി മസ്ജിദ് - രാമജൻമഭൂമി തർക്കകേസിലെ പ്രധാന കക്ഷികളിലൊരാളായ മുഹമ്മദ് ഇക്ബാൽ അൻസാരി സ്വാഗതം ചെയ്തു. ഇത് അവസാനിച്ചത് നന്നായി. എല്ലാവരെയും കുറ്റവിമുക്തരാക്കിയത് നല്ലകാര്യമാണ്. അയോദ്ധ്യ വിധി പോലെ ഈ വിധിയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |