മുംബയ് : മഹാരാഷ്ട്രയിൽ കൊവിഡ് തീവ്രമായി തുടരുന്നതിനിടെ അടഞ്ഞുകിടക്കുന്ന ക്ഷേത്രങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ച് ബി.ജെ.പി. മുംബയ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങൾക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു ബി.ജെ.പി പ്രവർത്തകർ.
ഭരണകക്ഷികളായ ശിവസേന, കോൺഗ്രസ്, എൻ.സി.പി എന്നിവരെ ബി.ജെ.പി വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്ത് പകർച്ചവ്യാധി നിലനിൽക്കുമ്പോഴും സർക്കാരിന് റെസ്റ്റോറന്റുകളും ബാറുകളും തുറക്കാനാകുമെന്നും എന്നാൽ ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ നിയന്ത്രണങ്ങൾ അവഗണിച്ച് സർക്കാരിനെതിരെ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുംബയ് സിദ്ധി വിനായക് ക്ഷേത്രം, ഷിർദിയിലെ സായ് ബാബ ക്ഷേത്രം, പൂനെയിലെ തംബ്‌ഡി ജോഗേശ്വരി ക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങൾക്കെല്ലാം മുമ്പിൽ പ്രതിഷേധം നടന്നു. സിദ്ധി വിനായക് ക്ഷേത്രത്തിന് മുന്നിൽ പ്രവർത്തകർ പ്രതീകാത്മകമായി ആരതി അർപ്പിച്ചു. തംബ്‌ഡി ജോഗേശ്വരി ക്ഷേത്രത്തിന് മുന്നിലെ റോഡിൽ പ്രതിഷേധത്തിനിടെ കുംഭകർണന്റെ വേഷം ധരിച്ച ബി.ജെ.പി പ്രവർത്തകൻ റോഡിൽ കിടന്ന് ഉറങ്ങുന്നതായി അഭിനയിച്ചിരുന്നു. ഉദ്ധവ് താക്കറെ സർക്കാരിന്റെ പ്രതീകമായാണ് ബി.ജെ.പി കുംഭകർണനെ അവതരിപ്പിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തുകയാണെന്നും തങ്ങളുടെ രാഷ്ട്രീയ എതിരാളികളിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
അതേ സമയം, ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കയച്ച കത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ഗവർണറിൽ നിന്നും ഇത്തരം പ്രതികരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രതിജ്ഞയിൽ 'ഹിന്ദുത്വ ടെസ്റ്റ്' അവശ്യ ഘടകമല്ലെന്നും ഒവൈസി പരിഹസിച്ചു.ചുമതല നിറവേറ്റുന്നതിൽ ഹിന്ദുത്വത്തോട് മുഖ്യമന്ത്രിയ്ക്കുള്ള പ്രതിബന്ധത അപ്രസക്തമാണെന്നും ഒവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗവർണർ താക്കറെയ്ക്ക് കത്തയച്ചത്. ' താങ്കൾ ഹിന്ദുത്വത്തിന്റെ വലിയ ആരാധകൻ ആയിരുന്നല്ലോ. ദൈവത്തിൽ നിന്ന് എന്തെങ്കിലും താക്കീത് കിട്ടുന്നത് കൊണ്ടാണോ ആരാധനാലയങ്ങൾ തുറക്കുന്നത് താങ്കൾ മാറ്റിവച്ചുകൊണ്ടിരിക്കുന്നത് ' എന്നിങ്ങനെയാണ് ഗവർണർ കത്തിൽ പരാമർശിക്കുന്നത്. ഇതിനിടെ ഉദ്ധവ് മതേതരത്വം സ്വീകരിച്ചോ എന്നും ഗവർണർ കത്തിൽ പരിഹസിക്കുന്നുണ്ട്. എന്നാൽ തനിക്ക് ആരുടെയും ഹിന്ദുത്വ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ തിരിച്ചടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |