ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും ജപ്പാനും അടുത്ത മാസം സംയുക്തമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തുന്ന നാവിക സേനാ അഭ്യാസമായ ' മലബാർ എക്സർസൈസിൽ ' ആസ്ട്രേലിയയും പങ്കെടുക്കും. യു.എസ്, ഇന്ത്യ, ജപ്പാൻ എന്നിവർക്കൊപ്പം ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ( ക്വാഡ് ) അംഗമായ ആസ്ട്രേലിയയെ നാവികാഭ്യസത്തിൽ ക്ഷണിച്ചുകൊണ്ടുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. മലബാർ എക്സർസൈസിൽ ആസ്ട്രേലിയയുടെ പങ്കാളിത്തം അന്തിമമായെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
നവംബർ അവസാനമാണ് മലബാർ എക്സർസൈസ് നടക്കുക. നാവികാഭ്യാസത്തിൽ ആസ്ട്രേലിയ വളരെ നേരത്തെ പങ്കെടുത്തിരുന്നുവെങ്കിലും സമീപ വർഷങ്ങളിൽ ഇതാദ്യമായാണ് ഇതിനായി മുന്നോട്ട് വരുന്നത്. നാല് രാജ്യങ്ങളുടെയും നാവിക സേനാംഗങ്ങൾ ഇതിനായുള്ള പ്രവർത്തനങ്ങളിലാണ്. നാല് രാജ്യങ്ങളുടെയും നാവിക ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌കൊണ്ടുള്ള ഉന്നതതല യോഗത്തിന് ശേഷമാകും നാവികാഭ്യാസത്തിന്റെ അന്തിമമായ തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വതന്ത്രമായ സമുദ്ര ഗതാഗതത്തെ പറ്റി നാല് രാജ്യങ്ങളും ചർച്ച ചെയ്തിരുന്നു.
തെക്ക്, കിഴക്കൻ ചൈനാക്കടലിൽ നടക്കുന്ന ചൈനീസ് കടന്നുകയറ്റം ചർച്ചയിലെ പ്രധാന വിഷയമാകും. മാത്രമല്ല, ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് നാവികാഭ്യാസത്തിലൂടെ നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം ടോക്കിയോയിൽ ക്വാഡ് അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത്തവണ മലബാർ എക്സർസൈസിൽ പങ്കെടുക്കാൻ ആസ്ട്രേലിയ തീരുമാനിച്ചത്. മലബാർ എക്സർസൈസിൽ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്ട്രേലിയ കൂടി പങ്കെടുക്കുന്നതോടെ ഒരു സംഘർഷമുണ്ടായാൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിൽ അണിനിരക്കും എന്ന വ്യക്തമായ സന്ദേശമാണ് ചെെനയ്ക്ക് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |