കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്.
തളിപ്പറമ്പ് ആർ.ഡി.ഒ മുൻപാകെയാണ് കണ്ണൂർ ഡി.വൈ.എസ്.പി റിപ്പോർട്ട് സമർപ്പിച്ചത്. സാമ്പത്തിക ബാദ്ധ്യതയും വ്യക്തിപരമായ കാരണങ്ങളുമാണ് സാജന്റെ ആത്മഹത്യക്ക് കാരണമായതായാണ് റിപ്പോർട്ടിൽപറയുന്നത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന സംഭവത്തിൽ നഗര സഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയർ പേഴ്‌സണും എതിരെ കേസ് എടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 15 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിലുണ്ടായ മനോവിഷമം മൂലമാണ് പ്രവാസി വ്യവസായി കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ ആത്മഹത്യ ചെയ്തത്.
നൈജീരിയയിൽ ജോലി ചെയ്ത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂർ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമാണം തുടങ്ങിയത്. തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |