ഈ സീസണിലെ തങ്ങളുടെ ഏഴാമത്തെ തോൽവിയാണ് കഴിഞ്ഞ രാത്രി അബുദാബിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിൽ നിന്ന് ഏറ്റുവാങ്ങിയത്. അബുദാബിയിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 125/5 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ രാജസ്ഥാൻ 17/3 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ചെന്നൈയുടെ തോൽവിക്ക് കാരണമായത് ഇവയാണ്
1. അബുദാബിയിലെ പിച്ചിൽ ടോസ് കിട്ടിയശേഷം ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തത്.
2.സ്വിംഗും ടേണും ഉണ്ടായിരുന്ന പിച്ചിൽ ചെന്നൈയുടെ മുൻനിര ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ പോയത്. ആദ്യ പത്തോവറിനുള്ളിൽ ഡുപ്ളെസിയും (10),വാട്ട്സണും (8), അമ്പാട്ടിയും (13) പുറത്തായപ്പോഴും സ്കോർ ബോർഡിൽ 56 റൺസ് മാത്രമേ എത്തിക്കാനായുള്ളൂ.
3. ഒൻപതാം ഓവറിൽ ക്രീസിലെത്തിയതാണ് ധോണി. എന്നാൽ റൺറേറ്റ് ഉയർത്താൻ ധോണിക്കോ ഒപ്പമുണ്ടായിരുന്ന ജഡേജയ്ക്കോ കഴിഞ്ഞില്ല.
4. താരതമ്യേന പുതുമുഖങ്ങളായ ശ്രേയസ് ഗോപാൽ, രാഹുൽ തെവാത്തിയ എന്നിവരുടെ സ്പിൻ ബൗളിംഗിനെ ധോണി നേരിട്ട രീതി ഒട്ടും ആശാവഹമായിരുന്നില്ല.തങ്ങളെ ധോണി അമിതമായി പ്രതിരോധിക്കാൻ മുതർന്നത് ബൗളർമാർക്കും ആത്മവിശ്വാസം പകർന്നു.
5. എട്ടുകളികളിൽ ഇറക്കിയിട്ടും ട്വന്റി -20 ഫോർമാറ്റിലേക്ക് ഇതുവരെ മാറാൻ കഴിഞ്ഞിട്ടില്ലാത്ത കേദാർ യാദവിനെ അവസാന ഓവറുകളിൽ പന്തുപാഴാക്കാനായി വീണ്ടും ഇറക്കിയത്.
6.തങ്ങളുടെ മുൻനിര തകർന്നതിന് സമാനമായ സ്ഥിതി രാജസ്ഥാന് ഉണ്ടായിട്ടും കളിയുടെ നിയന്ത്രണം സ്വന്തമാക്കാൻ ധോണിക്ക് കഴിയാതെ പോയത്.
7. ഏറ്റവും പ്രധാന തിരിച്ചടിയായത് ബട്ട്‌ലറെ അഞ്ചാമനായി ഇറക്കാനുള്ള രാജസ്ഥാന്റെ തീരുമാനമാണ്.മുൻനിരയിൽ സ്ഥിരതകാട്ടുന്ന ഏക ബാറ്റ്സ്മാനായിരുന്ന ബട്ട്‌ലറെ പതിവ് ഓപ്പണിംഗിൽ നിന്ന് മാറ്റി ബുദ്ധിപൂർവ്വം ചേസിംഗിന് മാറ്റിവയ്ക്കുവാൻ സ്മിത്തിന് സാധിച്ചത് ധോണിയെക്കാൾ നന്നായി പിച്ചിനെ മനസിലാക്കാനായത് കൊണ്ടാണ്.
അഞ്ചാം ഓവറിൽ 28/3 എന്ന നിലയിൽ ക്രീസിലെത്തിയ ബട്ട്‌ലർ ബൗളർമാർക്കുണ്ടായിരുന്ന മേൽക്കൈ പതിയെ ഇല്ലാതാക്കുകയും സ്മിത്തിനൊപ്പം ക്രീസിൽ കാലുറപ്പിക്കുകയും ചെയ്തു. ലൂസ് ബാളുകൾ തിരഞ്ഞെടുത്ത് വമ്പൻഷോട്ടുകൾ പായിച്ച് സ്കോർ ബോർഡ് ഉയർത്തുകയും കൃത്യസമയത്ത് ആധിപത്യം സ്ഥാപിക്കുയും ചെയ്ത് കളി വരുതിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |