ന്യൂഡൽഹി: നെഞ്ചുവേദനെ തുടർന്ന് ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ കപിൽ ദേവിനെ(62) ആൻജിയോപ്ളാസ്റ്റി ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. കപിലിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ഡിസ്‌ചാർജ്ജ് ചെയ്യാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് കപിലിനെ നെഞ്ചുവേദനെ തുടർന്ന് ദക്ഷിണ ഡൽഹിയിലെ ഓഖ്‌ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോ. അതുൽ മാഥുറിന്റെ നേതൃത്വത്തിലുള്ള കാർഡിയോളജി വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ശസ്‌ത്രക്രിയ്‌ക്ക് വിധേയനാക്കി. ഐ.സിയുവിൽ കഴിയുന്ന കപിലിന്റെ ആരോഗ്യം തൃപ്‌തികരമാണെന്ന് ആശുപത്രി അറിയിച്ചു.
കപിൽ ആശുപത്രിയിലായ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ശിഖർ ധവാൻ, സെയ്നാ നെഹ്‌വാൾ തുടങ്ങിയ താരങ്ങളും ആരാധകരും സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റുകളിട്ടിരുന്നു. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കപിൽ നിരവധി ബിസിനസ് പദ്ധതികൾ തുടങ്ങിയെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ ക്രിക്കറ്റ് കമന്ററിയും ഗോൾഫ് കളിയുമായി കഴിയുകയാണ് ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച മുൻ നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |