SignIn
Kerala Kaumudi Online
Saturday, 28 November 2020 8.43 AM IST

ചീട്ടുകൊട്ടാരങ്ങൾ ഓരോന്നായി തകർന്നു വീഴുന്നു, ശിവശങ്കരന് എല്ലാ കുരുക്കും മുറുകി കഴിഞ്ഞ സ്ഥിതിയ‌്ക്ക് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ആരുടെ പതനം

gold-smuggling-

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നേരിടേണ്ടിവന്ന പ്രതിബന്ധങ്ങൾ നിരവധിയാണ്. പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള അവയോരോന്നും നിശ്ചയദാർഢ്യത്തോടെ സർക്കാർ നേരിട്ടു. ഒരുപക്ഷേ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടായേക്കും എന്ന പ്രതീതി രാഷ്‌ട്രീയ കേരളത്തിൽ രൂപപ്പെടുകയും ചെയ‌്‌തു. എന്നാൽ ചില പ്രതീക്ഷകൾക്ക് മേൽ വെള്ളിടി വീഴ്‌ത്തിയാണ് ജൂലായ് 30 ഞായറാഴ്‌ച പുലർന്നത്. യു എ ഇ കോൺസുലേറ്റിന്റെ ഡിപ്ളോമാറ്റിക് കാർഗോ വഴി കടത്തിയ 15 കോടിയുടെ സ്വർണം കസ്‌റ്റംസ് പിടിച്ചെടുത്തു എന്ന വാർത്ത കേരളം കേട്ടു. സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥയാണ് ഇതിന് പിന്നിലെന്ന വിവരം ഞെട്ടലുളവാക്കി. സ്വപ്‌ന സുരേഷ് എന്ന ആ 'ഉദ്യോഗസ്ഥ'യുടെ നിഴൽ പതിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഐ എ എസിലേക്കാണെന്നറിഞ്ഞതോടെ പാർട്ടിയും സർക്കാരും പൂർണമായും പ്രതിരോധത്തിലാണ്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്‌തൻ ആയാണ് ശിവശങ്കർ അറിയപ്പെട്ടിരുന്നത്. കേരള മുഖ്യമന്ത്രിമാരിലെ ഏറ്റവും കാർക്കശ്യക്കാരനായ പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ. നായനാർ മന്ത്രിസഭയിൽ പിണറായി വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവർത്തിച്ചപ്പോൾ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അടുപ്പം. നളിനി നെറ്റോയും എം വി ജയരാജനും നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താളം പതിയെ പതിയെ ശിവശങ്കരന്റെ ഇംഗിതത്തിന് വഴിമാറി. സി പി എമ്മിലും സർക്കാരിലും ഒരുപോലെ അധീശത്വമുള്ള പിണറായി വിജയന്റെ സംരക്ഷണകവചം പാർട്ടിയുടെ നിയന്ത്രണത്തിൽ നിന്ന് ശിവശങ്കറിനെ കാത്തു.

ആ സമയത്തായിരുന്നു 'ശനി'യുടെ രൂപത്തിൽ സ്വർണക്കടത്ത് കേസും സ്വ‌പ്‌നയും ശിവശങ്കരനിലേക്ക് എത്തുന്നത്. എന്നാൽ ഇതിന് മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന സ്പ്രിൻക്ളർ വിവാദം സർക്കാരിനെ ഒന്നുകുലുക്കിയെങ്കിലും, മാദ്ധ്യമങ്ങളിൽ വന്നിരുന്ന് ശിവശങ്കരൻ തന്റെ ചെയ‌്തികളെയെല്ലാം വിദഗ്ദ്ധമായി ന്യായീകരിച്ചു. സർക്കാർ പ്രോട്ടോക്കോളുകൾ പാലിക്കാതെ സ്വന്തം നിലയിൽ താത്പര്യമെടുത്ത് കരാറിൽ ഒപ്പിട്ടു എന്ന വിമർശനം ശിവശങ്കരനെതിരെ അന്ന് ഉയർന്നിരുന്നു. എന്നാൽ അമിതമായ ആത്മവിശ്വാസവും നിസംഗതയും സ്വർണക്കടത്തിൽ ശിവശങ്കറിനെ സഹായിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴി യു എ ഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ സ്വർണം കടത്തി കൊണ്ടു വന്നെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ദേശീയ രാഷ്ട്രീയത്തിൽ പോലും ചലനം സൃഷ്ടിച്ചു. കേസിൽ സർക്കാർ സ്ഥാപനമായ സൈബർ പാർക്കിലെ പ്രധാനിയായ സ്വപ്‌ന സുരേഷ് അറസ്റ്റിലാവുകയും അവരുടെ സംരക്ഷകനാണ് എം.ശിവശങ്കർ എന്ന് വെളിപ്പെടുകയും ചെയ്തതോടെ മുഖ്യമന്ത്രിയടക്കം ആരോപണനിഴലിലായി.

ശിവശങ്കറിനെ ഇനിയും തള്ളിപ്പറഞ്ഞില്ലെങ്കിൽ പഴി തനിക്ക് കേൾക്കേണ്ടിവരുമെന്ന് മനസിലായ മുഖ്യമന്ത്രി ഒടുവിൽ വിശ്വസ്‌തനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും എം.ശിവശങ്കർ നീക്കം ചെയ്യപ്പെട്ടു. പിന്നീടങ്ങോട്ട് കസ്‌റ്റംസ്, എൻഫോഴ്‌സ്മെന്റ്, എൻ ഐ എ എന്നീ അന്വേഷണ ഏജൻസികളുടെ പുലർകാല കണിയായി മാറുകയായിരുന്നു കേരള സംസ്ഥാനത്തിന്റെ ഭരണം കൈകളിൽ അമ്മാനമാടിയ ഉദ്യോഗസ്ഥ പ്രമുഖൻ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ദിനവും ആവർത്തിച്ചുകൊണ്ടേയിരുന്നു. സ്വപ്‌നയുമായി ചേർന്ന് ശിവശങ്കർ നടത്തിയ അനധികൃത ഇടപാടുകൾ പലതും ഈ സമയത്ത് പുറത്തു വന്നു കഴിഞ്ഞിരുന്നു. ഒടുവിൽ അറസ്‌റ്റിലാകുമെന്ന് ഉറപ്പായതോടെ നടുവേദനയുടെ മറവിൽ സ്വകാര്യ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ശരണം തേടി.

മുൻകൂർ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജിയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്. ഹർജി തള്ളി എന്ന വാർത്ത വന്ന് മിനിട്ടുകൾക്കകം എൻഫോഴ്‌സ്‌മെന്റ് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ എത്തി ശിവശങ്കറിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇനി അറസ്റ്റ് രേഖപ്പെടുത്തുക എന്ന സ്വാഭാവിക നടപടിക്രമം മാത്രമാണ് ബാക്കി. അത് പൂർത്തിയാകുന്നതോടുകൂടി കേസന്വേഷണത്തിന്റെ സ്വഭാവം തന്നെ അടിമുടി മാറുമെന്ന് ഉറപ്പ്. ഇനിയും പിടിച്ചു നിൽക്കാൻ ശിവശങ്കറിന് കഴിഞ്ഞുവെന്ന് വരില്ല; അതുകൊണ്ടുതന്നെ 'ആരുടെ' പതനമാണ് ബാക്കിയുള്ളത് എന്നായിരിക്കും കേരളം ഉറ്റുനോക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: M SIVASANKAR, PINARAYI VIJAYAN, GOLD SMUGGLING, SWAPNA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.