കോട്ടയം : പണിയെടുത്തിരുന്ന ബംഗാളി നാട്ടിലേയ്‌ക്ക് പോയി, പകരം വന്ന മലയാളിയ്ക്കാകട്ടെ പണിയെടുക്കാൻ മടി. ജില്ലയിലെ വ്യവസായ മേഖല പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ്. മുപ്പതോളം കമ്പനികളിലായി 1200 ഓളം അന്യസംസ്ഥാന തൊഴിലാളികളും 250 ലേറെ മലയാളികളുമാണ് കൊവിഡിന് മുൻപ് ജോലി ചെയ്‌തിരുന്നത്. ലോക് ഡൗൺ പ്രഖ്യാപിക്കുകയും നാട്ടിലേയ്‌ക്ക് മടങ്ങാൻ അവസരം ലഭിക്കുകയും ചെയ്തതോടെ 90 ശതമാനം തൊഴിലാളികളും മടങ്ങിപ്പോയി. അസം - ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി ജോലിയ്‌ക്കായി എത്തിയിരുന്നത്. ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും മടങ്ങിയെത്തുന്നവരുടെ എണ്ണം കുറവാണ്. അന്തർ സംസ്ഥാന ട്രെയിനുകൾ കുറവായതും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതുമാണ് ഇവരെ തിരികെ എത്തുന്നതിൽ നിന്ന് അകറ്റുന്നത്.
വിമാനടിക്കറ്റും നൽകും മടങ്ങാൻ
ലോക് ഡൗണിൽ മടങ്ങിപ്പോയ തൊഴിലാളികളിൽ പാതിയും മടങ്ങിയെത്താത്തതിനാൽ വിമാനടിക്കറ്റ് നൽകിയാണ് കമ്പനികൾ തൊഴിലാളികളെ മടക്കിക്കൊണ്ടു വരുന്നത്. അഞ്ഞൂറിൽ താഴെ തൊഴിലാളികളാണ് പൂവൻതുരുത്ത് വ്യവസായ മേഖലയിൽ മടങ്ങിയെത്തിയത്. സ്വകാര്യ ബസ് ജീവനക്കാരും, മൊബൈൽ ഫോൺ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെ ജോലിയ്‌ക്കായി എത്തുന്നുണ്ട്. എന്നാൽ പകുതിയിലേറെ ആളുകളും രണ്ടാഴ്‌ചയിൽ കൂടുതൽ ജോലി ചെയ്യുന്നില്ല. റബർ കമ്പനികളാണ് ഇവിടെ പ്രധാനമായും പ്രവർത്തിക്കുന്നത്. ക്രഷറുകളും ഉണ്ട്. ഒന്നും രണ്ടു യൂണിറ്റുകളുണ്ടായിരുന്ന കമ്പനികളെല്ലാം ഒരു യൂണിറ്റാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. തൊഴിലാളി ക്ഷാമം ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
കൂടുതൽ ട്രെയിനുകൾ ഓടിക്കണം
റബർ മാറ്റ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് ഏറെ ആവശ്യക്കാരുള്ള സമയമാണ്. ഈ സമയത്താണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. തൊഴിലാളി ക്ഷാമമാണ് പ്രധാന പ്രശ്നം. കൂടുതൽ ട്രെയിനുകൾ ഓടിച്ചാൽ പ്രതിസന്ധിയ്ക്ക് പരിഹാരമാകും.
ജോൺസൺ പി.തോമസ്,വൈസ് പ്രസിഡന്റ്
പൂവൻതുരുത്ത് വ്യവസായി അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |