വാഷിംഗ്ടൺ : കൊവിഡ് ബാധിച്ച രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ, നീർവീക്കം, അവയവങ്ങളുടെ പ്രവർത്തനം താളം തെറ്റൽ തുടങ്ങിയവയെ തടയുന്നതിന് സഹായകമാകുന്ന മാർഗം കണ്ടെത്തി ഇന്ത്യൻ - അമേരിക്കൻ ഡോക്ടറും ശാസ്ത്രജ്ഞയുമായ തിരുമല ദേവികണ്ണെഗന്ധി.
ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻ'സ് റിസേർച്ച് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ഡോ. തിരുമല ദേവികണ്ണെഗന്ധിയുടെ പഠന റിപ്പോർട്ട് ശാസ്ത്ര ജേർണലായ ' സെല്ലി'ലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. കോശങ്ങളേയും അവയവങ്ങളേയും പ്രവർത്തനരഹിതമാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന കൊവിഡിനോടനുബന്ധിച്ച് കാണപ്പെടുന്ന ഹൈപ്പർ ഇൻഫ്ലമേറ്ററി ഇമ്യൂൺ റെസ്പോൺസ് പ്രക്രിയയെ പറ്റി എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിന്നാണ് അതിനെ തടയാനുള്ള ചികിത്സാ സാദ്ധ്യത തിരുമല ദേവികണ്ണെഗന്ധി കണ്ടെത്തിയിരിക്കുന്നത്.
തെലങ്കാനയിൽ ജനിച്ചു വളർന്ന ഡോ. തിരുമല ദേവികണ്ണെഗന്ധിയുടെ പി.എച്ച്.ഡി വരെയുള്ള പഠനം ഇന്ത്യയിൽ തന്നെയായിരുന്നു. തെലങ്കാനയിലെ ഓസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് തിരുമല ദേവികണ്ണെഗന്ധി ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കിയത്. തുടർന്ന് 2007ലാണ് ടെന്നസിയിലെ സെന്റ് ജൂഡിൽ ജോലിയിൽ പ്രവേശിച്ചത്. സെന്റ് ജൂഡ് ഡിപ്പാർട്ട്മെന്റ് ഒഫ് ഇമ്മ്യുണോളജിയുടെ വൈസ് ചെയർപേഴ്സൺ ആണ് തിരുമല ദേവികണ്ണെഗന്ധി ഇപ്പോൾ.
കോശങ്ങൾ നിർജീവമാകാൻ ശേഷിയുള്ള കൊവിഡ് 19 ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ശേഷിയുള്ള നിർദ്ദിഷ്ട സൈറ്റോകൈനുകളെയാണ് തിരുമല ദേവികണ്ണെഗന്ധിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ശ്രദ്ധ തുലാദർ, പരിമൾ സമീർ, മിൻ സെംഗ്, ബാലമുരുഗൻ സുന്ദരം, ബാലാജി ബാനോത്, ആർ.കെ. സുബ്ബറാവു മലിറെഡ്ഡി, പാട്രിക് ഷ്രെയ്നർ, ജെഫ്രി നീൽ, പീറ്റർ വോഗൽ തുടങ്ങി സെന്റ് ജൂഡിലേയും യൂണിവേഴ്സിറ്റി ഒഫ് ടെന്നസി ഹെൽത്ത് സയൻസ് സെന്ററിലേയും ഗവേഷകർ തിരുമല ദേവികണ്ണെഗന്ധിയ്ക്കൊപ്പം ഗവേഷണങ്ങളിൽ പങ്കെടുത്തു.
കോവിഡ് -19 ഉള്ള ചിലരിൽ രോഗപ്രതിരോധ ശേഷി അമിതമായ പ്രവർത്തനത്തിലേക്ക് പോകുന്നു. സൈറ്റോകൈനുകൾ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകൾ വലിയ അളവിൽ ഈ പ്രക്രിയ വഴി പുറത്തുവിടുന്നു. അമിതമായ അളവിൽ ഉണ്ടാകുന്ന സൈറ്റോകൈൻ ഉത്പാദനത്തെ സൈറ്റോകൈൻ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയിൽ കോശജ്വലനത്തിനോ അണുബാധയ്ക്കോ കാരണമാകുന്നു. ക്രമേണ മരണത്തിലേക്കും നയിക്കാം.
എന്നാൽ കൊവിഡ് 19ൽ സൈറ്റോകൈൻ സ്റ്റോമിലേക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിതെളിക്കുന്ന ഘടകം ഏതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. TNF - ആൽഫ, INF - ഗാമ എന്നീ സൈറ്റോകൈൻ പ്രോട്ടീനുകളാണ് കോശങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് നയിക്കുന്നതെന്നാണ് ഡോ. തിരുമല ദേവികണ്ണെഗന്ധിയുടെ കണ്ടെത്തൽ. കണ്ടെത്തലിലൂടെ കൊവിഡ് രോഗിയെ മരണത്തിലേക്ക് നയിക്കുന്ന ഈ ഘടകങ്ങളിൽ നിന്നും രക്ഷിക്കാനുള്ള മരുന്നുകൾ കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |