തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പി സ്ഥാനാർത്ഥികൾകൾക്ക് തൊട്ടുതാഴെ അപരന്മാരുടെ പേരുകളും താമരയോട് സാമ്യമുളള റോസപ്പൂ ചിഹ്നവും നൽകിയതിലാണ് ബി ജെ പി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർത്ഥികളുടെ അപരൻമാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുളള ചിഹ്നം നൽകുന്നുണ്ട്. സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഈ അട്ടിമറി നീക്കം നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
12 ഡിവിഷനുകളിൽ ആണ് ഇത്തരത്തിൽ ഒരേ പേരുകാർക്ക് അടുത്തടുത്ത് സ്ഥാനവും ചിഹ്നവും നൽകിയത്. ഇത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി ജെ പിയെ തോൽപിക്കാൻ ഉളള ശ്രമം ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബി ജെ പി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |