കൊട്ടാരക്കര: കോട്ടാത്തലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഒരാളുടെ തല അടിച്ചുപൊട്ടിച്ചു. ഏഴുപേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. രാത്രിയിൽ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടവർ വയലിൽക്കട ഭാഗത്തുവച്ച് വാക്കേറ്റത്തിലും സംഘർഷത്തിലുമായി. പ്രദേശവാസിയായ വിപിന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു. പിന്നീട് നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത്. വിപിൻ, വിശാഖ്, രഞ്ജിത്ത്, ഷൈനു, ലാലു, ജയചന്ദ്രൻ, അജയകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ഈ സംഘർഷത്തിന് ബന്ധമില്ലെന്ന് ഇരുസ്ഥാനാർത്ഥികളും വ്യക്തമാക്കി. എന്നാൽ തുടർ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |