തിരുവനന്തപുരം: ഓരോ വോട്ടും ജയപരാജയം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുതട്ടിപ്പറിക്കാൻ അപരന്മാരും കച്ചമുറുക്കി. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയവും കഴിഞ്ഞതോടെ അപരന്മാരെ കുറിച്ച് വ്യക്തവന്നു. 100 വാർഡുകളുള്ള കോർപറേഷനിൽ 47 വാർഡുകളിലും അപരശല്യമുണ്ട്. ബി.ജെ.പിയുടെ 22സ്ഥാനാർത്ഥികൾക്കെതിരെയും എൽ.ഡി.എഫിന്റെ 21പേർക്കെതിരെയും അപരന്മാരുണ്ട്. യു.ഡി.എഫിന്റെ 13 സ്ഥാനാർത്ഥികളും ഇവരെ ഭയക്കണം. പ്രധാനമുന്നണി സ്ഥാനാർത്ഥികൾക്ക് മാത്രമല്ല സ്വന്ത്രൻമാർക്കെതിരെയും അപരൻമാരുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥികളുടെ വോട്ട് തട്ടാൻ എത്തിയിരിക്കുന്നവർ ഭൂരിഭാഗവും താമരയ്ക്ക് ബദലായി റോസാപൂവാണ് ചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്.
മൂന്നു മുന്നണി സ്ഥാനാർത്ഥികൾക്കെതിരെയും അപരശല്യമുള്ളത് വഞ്ചിയൂരിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗായത്രി എസ്. നായർക്കെതിരെ (ഗായത്രിബാബു), എസ്.എം.ഗായത്രിയുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. സരോജത്തെ വീഴ്‌ത്താൻ സരോജവും ആർ. സരോജവും കളത്തിലുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി ജയലക്ഷ്മിക്ക് വെല്ലുവിളിയായി രണ്ട് ജയലക്ഷ്മിമാരാണുള്ളത്. പുത്തൻപള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ഇ. അനസിനെതിരെ മൂന്ന് അപരന്മാരാണുള്ളത്. എ.അനസ്, എസ്.കെ. അനസ്, എൻ.അനസ് എന്നിവരാണിവർ. ഹാർബർ വാർഡിൽ യു.ഡി.എഫ് വിമതൻ നിസാമുദീൻ എമ്മിനെതിരെ രണ്ട് നിസാമുദീൻമാരും കളത്തിലിറങ്ങി.
കാലടിയിൽ രാജപ്പൻ തരംഗം
കാലടി വാർഡിൽ എട്ട് സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. ഇതിൽ നാലുപേരും രാജപ്പൻമാരാണ്.
ഇതിൽ ആരും ഇടത്-വലത് മുന്നണികളുടെയോ ബി.ജെ.പിയുടെയോ അപരൻമാരല്ല. സ്ഥാനാർത്ഥികളിൽ എം. രാജപ്പൻ നായർ കാലടിയുടെ ചിഹ്നം ഒാട്ടോയാണ്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇദ്ദേഹം വിമതനായി രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇദ്ദേഹം സമാഹരിക്കുന്ന വോട്ടുകൾ ചിതറിക്കുന്നതിനാണ് മറ്റ് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. മറ്റൊരു സ്ഥാനാർത്ഥിയായ ജി. രാജപ്പൻനായരുടെ ചിഹ്നം മോതിരവും മറ്റ് രണ്ട് രാജപ്പൻമാരുടെ ചിഹ്നം കുടിലും കാറുമാണ്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതോടെ രാജപ്പൻമാർ കൗതുകമാകുകയാണ്. അഡ്വ.സതീഷ് വസന്താണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിന് വേണ്ടി കാലടി സുരേഷും ബി.ജെ.യുടെ പോരാളിയായി വി. ശിവകുമാറും രംഗത്തുണ്ട്.
വോട്ടുറപ്പിക്കാൻ പലവഴികൾ
തിരുവനന്തപുരം: ഓരോ വോട്ടും വിലപ്പെട്ടതായതിനാൽ ഇവ ഉറപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനഞ്ഞ് സ്ഥാനാർത്ഥികളുടെ നെട്ടോട്ടം. വോട്ടർമാരെ കൈയിലെടുക്കുന്നതിന് പയറ്റിപ്പഴകിയ പഴയരീതികൾക്കൊപ്പം പുത്തൻ പരീക്ഷണങ്ങൾ കൊണ്ടും ഇവർ പരസ്പരം മത്സരിക്കുകയാണ്. കുഞ്ഞുങ്ങളെ എടുത്ത് താലോലിക്കുക, ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി ബാറ്റ് വാങ്ങി കുട്ടികളോടൊപ്പം കളിക്കുക, സെൽഫി എടുക്കുക, വിവിധ പോസുകളിൽ ഫോട്ടോയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വോട്ടഭ്യർത്ഥിക്കുക എന്നതാണ് ഇതിൽ ചിലത്.
കടയിൽ നിന്നും ചായ കുടിക്കുന്ന ശീലം വനിതാ സ്ഥാനാർത്ഥികൾക്കില്ലെങ്കിലും വോട്ടിനായി അതും ചെയ്യും. ആരാധനാലയങ്ങളുടെ പടി കയറാത്തവരും മത നേതാക്കളുടെ അനുഗ്രഹം വാങ്ങാത്തവരും ഇപ്പോൾ ഇവയ്ക്കായി ക്യൂവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |