ജയ്പൂർ : കുടുംബ വഴക്കും പീഡനവും സഹിക്കാനാവാതെ തീകൊളുത്തി വീട്ടമ്മ ആത്മഹത്യ ചെയ്തപ്പോൾ അത് മൊബൈലിൽ പകർത്തി യുവതിയുടെ കുടുംബത്തിന് അയച്ചു കൊടുത്ത ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന നിരോധന പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ കുടുംബത്തിലെ മറ്റ് നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നവംബർ ഇരുപതിനാണ് യുവതി ഭർതൃഗൃഹത്തിൽ വച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ഇവർ മരണപ്പെടുകയായിരുന്നു. ഗുഡഗോർജി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ, 306 വകുപ്പുകൾ പ്രകാരം സ്ത്രീധനം ആവശ്യപ്പെടൽ, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ചേർത്തിരിക്കുന്നത്.