തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണക്ക് കാരണമാകുമെന്ന് സി.പി.എം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
രോഗം ഭേദമായതിനെ തുടർന്ന് സി.എം.രവീന്ദ്രൻ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കൊവിഡാനന്തര ചികിത്സകൾക്കായി രണ്ട് ദിവസം മുമ്പാണ് സി.എം.രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റെ ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
ആഴ്ചകളോളം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകി. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കൊവിഡാനന്തര ചികില്‍സകള്‍ക്കായി ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന മെഡിക്കൽ രേഖകളും അധികൃതർ ഇ.ഡിക്ക് കെെമാറി.
അതേസമയം രവീന്ദ്രന് ബിനാമി ഇടപാടുകളുള്ളതായി ഇഡി സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വടകരയിലെ മൂന്ന് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സംഘം റെയ്ഡ് നടത്തി.അലൻസോളി, അപ്പാസൺസ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് അന്വേഷണ സംഘം റെയ്‌ഡ് നടത്തിയത്. രവീന്ദ്രന്റെ ആശുപത്രി വാസത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംശയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നലെയാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |