കോപ്പൻഹേഗൻ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡെന്മാർക്കിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. ഡെന്മാർക്കിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്ന് നീർനായകളിൽ നിന്ന് നിർമ്മിക്കുന്ന രോമക്കുപ്പായങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രോമക്കുപ്പായ വ്യവസായമാണ് രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെന്മാർക്കിലെ നീർനായകളിൽ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് 17 ദശലക്ഷം നീർനായകളെ സർക്കാർ കൊന്നൊടുക്കി. നവംബർ നാലിനാണ് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് മൂലം രാജ്യത്തെ രോമക്കുപ്പായ വ്യവസായം ഇപ്പോൾ തകർച്ചയിലാണ്.
വിവാദ ഉത്തരവിനെ തുടർന്ന് കൃഷി മന്ത്രി മൊഗൻസ് ജെൻസൻ രാജിവച്ചു. 2022 വരെ രാജ്യത്ത് എല്ലാവിധത്തിലുമുള്ള നീർനായ പ്രജനനത്തിനും സർക്കാർ നിരോധം ഏർപ്പെടുത്തി. 6,000 ത്തോളം തൊഴിലാളികളുള്ള, രാജ്യത്ത് പ്രതിവർഷം 5903 കോടി രൂപ ( 800 മില്യൺ ഡോളർ ) നേടിതന്നിരുന്ന രോമക്കുപ്പായ കയറ്റുമതി വ്യവസായം ഇതോടെ നിശ്ചലമായെന്ന് ഡെന്മാർക്ക് നീർനായ പ്രജനന അസോസിയേഷൻ മേധാവി ടാഗ് പെഡെർസൺ പറഞ്ഞു.
വികാരധീനയായി പ്രധാനമന്ത്രി
ഡെന്മാർക്കിലെ നീർനായ ഫാം സന്ദശിക്കുന്നതിനിടെ കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സിൻ. ഡെന്മാർക്കിൽ രണ്ട് തലമുറകളിലായി പ്രഗത്ഭരായ നീർനായ കർഷകരുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനിടെ ഇവരുടെ ജീവിത സാഹചര്യങ്ങൾ തകർന്നു. കർഷകരുടെ വികാരം തനിക്കുമുണ്ടെന്നും ഫാം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |