തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സി വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മറ്റ് വാഹനങ്ങൾക്കായും വാതിൽ തുറന്നു നൽകാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി 14 ജില്ലകളിലെയും വർക്ക് ഷോപ്പുകൾ നവീകരിച്ച് സ്‌മാർട്ടാകാൻ ഒരുങ്ങുകയാണ്. ഇതിനായി പ്ളാൻ ഫണ്ടിൽ നിന്നുള്ള വിഹിതം ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിവിധയിനം വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിനുള്ള പവർ ടൂളുകൾ കെ.എസ്.ആർ.ടി.സി വാങ്ങും. ഇതോടൊപ്പം വർക്ക് ഷോപ്പുകൾക്ക് മികച്ച മേൽക്കൂരയും പ്ളാറ്റ്ഫോമും നിർമ്മിക്കും. മാലിന്യ നിർമ്മാർജ്ജനം, മികച്ച ടോയ്‌ലറ്റ് സംവിധാനം എന്നിവയും ഏർപ്പെടുത്തും. തലസ്ഥാനത്തെ പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിലും നാല് റീജിയണൽ വർക്ക് ഷോപ്പുകളിലും അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കും.
രൂപരേഖ ഹിന്ദുസ്ഥാൻ ലൈഫ് കെയർ തയ്യാറാക്കും
ഗാരേജുകളുടെ നവീകരണം സംബന്ധിച്ച രൂപരേഖ തയ്യാറാക്കാൻ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനെയാണ് കെ.എസ്.ആർ.ടി.സി ഏൽപിച്ചിരിക്കുന്നത്. രൂപരേഖ, എസ്റ്റിമേറ്റ്, നവീകരണം, മേൽനോട്ടം എന്നിവയെല്ലാം ഹിന്ദുസ്ഥാൻ ലൈഫ് കെയറിനായിരിക്കും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഗാരേജുകളിലെയും വർക്ക് ഷോപ്പുകളുടെയും സ്ഥിതി വളരെ പരിതാപകരമാണ്. മാത്രമല്ല, നിരവധി ഗാരേജുകളിലെ ധാരാളം സ്ഥലങ്ങൾ ഉപയോഗശൂന്യമായും കിടക്കുകയാണ്. അതിനാലാണ് ഗാരേജകൾ മറ്റ് വാഹനങ്ങൾക്ക് കൂടി തുറന്നു കൊടുക്കുകയെന്ന തീരുമാനത്തിലേക്ക് കെ.എസ്.ആർ.ടി.സി എത്തിയത്.
വാർഷിക കരാറിനും ആലോചന
വലിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീളുന്ന പാക്കേജ് കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ഒരു വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ കരാർ ഒരുമിച്ച് എടുക്കാനാണ് ആലോചന. നിശ്ചിത തുക ഒരു വർഷത്തേക്ക് മുൻകൂറായി ഈടാക്കാനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും അറ്റകുറ്റപ്പണി ഈ പാക്കേജിന് പുറത്തുപോയാലുള്ള സാഹചര്യം മനസിലാക്കി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ ബസുകൾക്ക് ആവശ്യമായ ആയിരത്തോളം ബോഡികളും നിർമ്മിച്ചിരുന്നു. എന്നാൽ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നതോടെ 2017 മുതൽ ഇത് നിറുത്തിവച്ചിരിക്കുകയാണ്. സെൻട്രൽ വർക്ക് ഷോപ്പിന് പിന്നീട് അസോസിയേഷന്റെ അനുതി ലഭിച്ചെങ്കിലും ബോഡികൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി നിർമ്മിക്കുന്നത് പുറത്ത് കരാർ നൽകിയാണ്. ഇതുവരെ 101 ബസുകളുടെ ബോഡികൾ കോട്ടയത്തെ ഒരു സ്വകാര്യ ബസ് നിർമ്മാണ കമ്പനിയുമായി ചേർന്ന് കെ.എസ്.ആർ.ടി.സി നിർമ്മിച്ചിട്ടുണ്ട്.
വരുന്നു 'കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്
കിഫ്ബി സഹായമുപയോഗിച്ച് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന പദ്ധതികൾ 'കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്' എന്ന പുതിയ ഉപകമ്പനിക്കു കീഴിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ ബസുകളോടൊപ്പം ദീർഘദൂര സർവീസുകളുടെയും ചുമതല ഉപകമ്പനിക്കായിരിക്കും. കമ്പനി ജനുവരി ഒന്നിന് ആരംഭിക്കും. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായിരിക്കും ഉപകമ്പനിയുടെയും എക്‌സ് ഒഫിഷ്യോ ചെയർമാൻ ആൻഡ് മാനേജിഗ് ഡയറക്ടർ. കിഫ്ബിയിൽ നിന്ന് എടുക്കുന്ന കടം യഥാസമയം തിരിച്ചടയ്ക്കുക, ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് എടുക്കുന്ന കടം തിരിച്ചടയ്ക്കാൻ കെ.എസ്.ആർ.ടി.സിയെ സഹായിക്കുക എന്നിവയാണ് ഉപകമ്പനിയുടെ പ്രധാന ചുമതലകൾ. നാലു വർഷത്തിനകം 2800ഓളം പുതിയ ബസുകൾ ഇറക്കും.
നിലവിൽ സ്ലീപ്പർ, സെമി സ്ലീപ്പർ ബസ് ഇല്ല. നടപ്പ് സാമ്പത്തികവർഷം സർക്കാർ അനുവദിച്ച 50 കോടി ഉപയോഗിച്ച് എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എക്‌സ്‌പ്രസ് ബസുകളും വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |