ടൊറന്റോ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് കഴിയുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡയിലെ ലെത്ത്‌ബ്രിഡ്‌ജ് സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ. ബിസിനസ് ലൈനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഞ്ചാവിൽ അടങ്ങിയിരിക്കുന്ന കന്നാബിഡിയോൾ എന്ന കന്നാബിനോയ്‌ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വിവിധ ഇനം കഞ്ചാവ് ചെടികളിൽ നിന്ന് വേർതിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങൾ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയത്.
13 സത്തകൾ വൈറസിന്റെ പ്രവർത്തനങ്ങളെ തടയുന്നതായി കണ്ടെത്തി. വൈറസിനെ പ്രതിരോധിക്കുന്നതിൽ ഓറൽ കാവിറ്റിക്ക് (വദന ഗഹ്വരം) പ്രാധാന്യം നൽകണമെന്നും ശാസ്ത്രഞ്ജർ പറയുന്നു.
മറ്റു വൈറസുകളെ നേരിടാനും കഞ്ചാവ് ഉപയോഗിക്കാനാവുമോയെന്ന പരീക്ഷണമാണ് ഇനി ഗവേഷകർ നടത്താൻ പോകുന്നത്. പരീക്ഷണങ്ങൾ വിജയിച്ചാൽ കന്നാബിഡിയോൾ കൂടുതൽ അടങ്ങിയ കഞ്ചാവ് സത്ത ഉപയോഗിച്ച് വൈറസുകൾക്കെതിരെ പോരാടാനാവും. കൊവിഡിനെതിരെ കഞ്ചാവ് ഉപയോഗിക്കുന്നതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനഫലം വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘത്തിലെ പ്രഫ. ഓൾഗ കോൾച്ചക്ക് പറഞ്ഞു.
ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും കഞ്ചാവ് ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാൽ, കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ രാജ്യങ്ങളുമുണ്ട്. കഞ്ചാവിൽ അടങ്ങിയ കന്നാബിഡിയോൾ അർബുദമടക്കമുള്ള മാരകരോഗങ്ങൾക്കെതിരെ ഉപയോഗിക്കാമെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം രോഗങ്ങളുടെ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾ രൂക്ഷമായവരിൽ കഞ്ചാവ്, മാജിക് മഷ്റൂം എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്കും പല രാജ്യങ്ങളും അനുമതി നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |