ആനക്കര: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുലാവർഷവും ചതിച്ചതോടെ രണ്ടാംവിളയിറക്കിയ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകർ പ്രതിസന്ധിയിലായി. വെള്ളം ലഭിക്കാതെ നെൽപ്പാടങ്ങൾ ഉണക്കുഭീഷണിയിലാണ്. നിലവിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് പലരും കാർഷിക അനുബന്ധ ജോലികൾ ചെയ്യുന്നത്.
കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ആഗസ്റ്റിൽ അതിമഴയ്ക്കുള്ള സാദ്ധ്യതയും കണക്കിലെടുത്ത് മേഖലയിലെ പല നെൽ കർഷകരും മാസങ്ങൾ വൈകിയാണ് രണ്ടാംവിള ഒരുക്കങ്ങൾ ആരംഭിച്ചത്. തുലാവർഷമായിരുന്നു ഇവരുടെ ഏക പ്രതീക്ഷ. ഡാമുകളിലെ വെള്ളം കാർഷികാവശ്യത്തിനായി തുറന്നു വിട്ടിട്ടുണ്ടെങ്കിലും കാനാൽ നവീകരണം നടക്കാത്തതിനാൽ വെള്ളം പാടശേഖരങ്ങളിലേക്ക് എത്തുന്നില്ല. ഇതോടെ ഞാറ് നട്ട നെൽപ്പാടങ്ങൾ എല്ലാം വെള്ളമില്ലാതെ ഉണക്ക് ഭീഷണി നേരിടുകയാണ്. പടിഞ്ഞാറൻ മേഖലയിലെ പലയിടത്തും പറിച്ചു നടീൽ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായലെങ്കിലും അല്പം മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വൃശ്ചികം ആരംഭിച്ചതോടെ നിലവിൽ പുലർച്ചെ നല്ല തണുപ്പും പിന്നീട് പത്തുമണിയോടെ ശക്തമായ ചൂടുമാണ് അനുഭവപ്പെടുന്നത്. ഇത് പാടങ്ങളിലെ വെള്ളം അതിവേഗം വറ്റാൻ കാരണമാകുന്നുണ്ട്. കനാൽ നവീകരിച്ച് ജലസേചനം കാര്യക്ഷമമാക്കിയില്ലെങ്കിൽ ഇത്തവണ വിളവിനെ ബാധിക്കും. അത് കർഷകർ കൂടുതൽ കടക്കെണിയിലേക്കാവും നയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |