കാസർകോട്: കോടതി ജീവനക്കാരുടെ സ്വകാര്യ ബസ് യാത്ര തർക്കം തെരുവിൽ. ഗതാഗത വകുപ്പ് ജീവനക്കാരും കോടതി ജീവനക്കാരും തമ്മിൽ ദേശീയപാതയിൽ പരസ്യമായ വഴക്കുണ്ടായി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ 18 കോടതി ജീവനക്കാർക്കെതിരെ കേസെടുത്തതിന് പിന്നാലെ കോടതി ജീവനക്കാരുടെ പരാതിയിൽ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
ജീവനക്കാർ സഞ്ചരിച്ച വാഹനം തടഞ്ഞതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് കാസർകോട് ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥരായ ബിനീഷ്, ജിജോ, വിജയ്, നിസാർ തുടങ്ങി നാലു ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. വഴിയിൽ തടഞ്ഞുനിർത്തി വാഹനത്തിലുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞ് അക്രമിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. കൊവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാൽ കോൺട്രാക്ട് കാര്യേജ് ബസിലാണ് കോടതി ജീവനക്കാർ കോടതിയിലെത്തുകയും മടങ്ങുകയും ചെയ്യുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ജീവനക്കാർ ഇങ്ങനെ കാസർകോട് കോടതിയിൽ എത്തുന്നുണ്ട്. തുടക്കത്തിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ ബസിലാണ് ജീവനക്കാർ വന്നിരുന്നത്. പിന്നീട് ഇവർ സ്വന്തമായി ബസ് ഏർപ്പെടുത്തി. എന്നാൽ സ്‌റ്റേജ് കാര്യേജ് ബസുകളുടെ രീതിയിൽ സ്‌റ്റോപിൽ നിന്ന് ആളുകളെ കയറ്റിയെന്നു പറഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞതോടെയാണ് പ്രശ്നം രൂക്ഷമായത്. കെ.എസ്.ആർ.ടി.സി അധികൃതർ കളക്ടർക്കും ട്രാൻസ്‌പോർട് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തടയൽ. പരിശോധനയെ തുടർന്ന് ബഹളവും തർക്കവും ഉണ്ടായതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ 18 കോടതി ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി കോടതി ജീവനക്കാർ നൽകിയ പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തത്. കോടതി ജീവനക്കാരുടെ സ്വകാര്യ ബസ് യാത്ര നേരത്തെ പുകയുന്ന വിഷയമാണ്. കൊവിഡ് കോർ കമ്മിറ്റി യോഗത്തിൽ വിഷയം ഉന്നയിക്കുകയും തടയുമെന്ന് വെല്ലുവിളി മുഴക്കുകയും ചെയ്തിരുന്നു. 'ബോണ്ട് സർവീസ്' ഉപയോഗിക്കണം എന്നായിരുന്നു നിർദേശം. പഴഞ്ചൻ ബസിന് ഇരട്ടി ചാർജ് നൽകണമെന്നും അതിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും ജീവനക്കാർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |