ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 45,333 പേർ രോഗമുക്തരായി. ചികിത്സയിലുള്ളത് 4,46,952 പേരാണ്. ആകെ രോഗികളുടെ 4.74 ശതമാനമാണിതെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗമുക്തി നിരക്ക് 93.81 ശതമാനമായി വർദ്ധിച്ചു. ആകെ രോഗമുക്തർ 88,47,600 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് 84,00,648 ആയി.
കർണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആകെ പരിശോധനകൾ 14 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,76,173 പരിശോധന നടത്തി. ഇന്ത്യയുടെ പ്രതിദിന പരിശോധന ശേഷി 15 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 78.31 ശതമാനവും കേരളം ഉൾപ്പെടെയുള്ള പത്തു സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 443 മരണമാണ് സ്ഥിരീകരിച്ചത്. ദേശീയ മരണനിരക്ക് 1.45 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിൽ ദശലക്ഷം പേരിൽ ഏറ്റവും കുറഞ്ഞ മരണമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (നിലവിൽ 99.4).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |