വെഞ്ഞാറമൂട്: മാസ്കിട്ട് ഗ്യാപ്പിട്ട് സോപ്പിട്ട് വോട്ട് ഇടണം. കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ വന്നെത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമാക്കാൻ സർക്കാരിന്റെ നിർദ്ദേശങ്ങളിൽ ഒന്നാണിത്. എന്നാൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികളും സ്വതന്ത്രരും ഇതെല്ലാം മറന്നു. മാസ്കും ഗ്യാപ്പും ഔട്ടായി. എങ്ങും സോപ്പിട്ട് വോട്ട് പിടുത്തമാണ്. വോട്ട് തേടി വീടുകൾ കയറുന്നത് ഒരു സംഘം തന്നെയാണ്. അഞ്ചു പേർ മാത്രമേ വീടുകൾ കയറിയുള്ള പ്രചാരണത്തിന് അനുമതിയുള്ളൂവെന്നിരിക്കെയാണിത്.
വോട്ടുറപ്പിക്കാൻ ഷെയ്ക്ക് ഹാൻഡ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം ഹസ്തദാനം പോലും പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. എന്നാൽ വീടുവീടാന്തരം കയറി ഇറങ്ങുന്ന സ്ഥാനാർത്ഥികളിൽ പലരും ഇത് മറന്നു. വോട്ട് ഉറപ്പിക്കാനുള്ള യാത്രയിൽ ഷെയ്ക്ക് ഹാൻഡ് നൽകി സമ്മതിദാനം എനിക്ക് തന്നേക്കണേ എന്ന പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറി. എന്നാൽ പൊതുജനങ്ങളുടെ നന്മയെ കരുതി ഇതെല്ലാം ഒഴിവാക്കി വോട്ട് ഉറപ്പാക്കുന്ന സ്ഥാനാർത്ഥികളും ഉണ്ടത്രെ.
മുറ്റത്ത് സാനിറ്റൈസർ
ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിലാണ് സ്ഥാനാർത്ഥികളുടെ വരവ്. പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ട മിക്ക വീട്ടുകാർ മുറ്റത്ത് സാനിറ്റൈസർ സ്ഥാപിച്ചു. ചില വീടിന്റെ മുറ്റത്ത് ബക്കറ്റിൽ വെള്ളവും സോപ്പും സ്ഥാനം പിടിച്ചിട്ടുണ്ട്.
പുഞ്ചിരി കാണാൻ
എട്ടുമാസമായി മലയാളികളുടെ മുഖത്ത് മാസ്ക് സ്ഥാനം പിടിച്ചിട്ട്. കൊവിഡിനെ ഒരു പരിധിവരെ തടയാൻ മാസ്ക് കൂടിയേതീരൂ. ഇക്കാരണത്താലാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത് തന്നെ. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാസ്ക് മുഖത്തുനിന്നും താടിയിലേക്ക് താഴ്ന്നു. സ്ഥാനാർത്ഥിയുടെ പുഞ്ചിരി ആളുകൾ കണ്ടില്ല. എങ്കിൽ വോട്ട് പോയാലോ എന്ന ചിന്തയാകാം ഇതിന് പിന്നിൽ. മാസ്കിട്ട് വരുന്ന സ്ഥാനാർത്ഥികളും അണികളും കാമറ കാണുമ്പോൾ മുഖാവരണം മാറ്റി സംസാരിക്കുന്നതും പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |