ന്യൂഡൽഹി: തങ്ങളുടെ അധീനതയിലുള്ള ടിബറ്റൻ പ്രദേശത്ത് ചൈന നിർമ്മിക്കുന്ന വൻ ജലവൈദ്യുത പദ്ധതിക്ക് ബദലായി ബ്രഹ്മപുത്ര നദിയിൽ ഇന്ത്യയും അണക്കെട്ട് നിർമ്മിക്കാനൊരുങ്ങുന്നു. ചൈനയുടെ അണക്കെട്ട് മൂലം നീരൊഴുക്ക് തടസപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആവശ്യമായ വെള്ളം സംഭരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ചൈനയുടെ നീക്കം ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ അരുണാചൽ പ്രദേശിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള ആലോചനയിലാണെന്ന് കേന്ദ്ര ജലമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ടിബറ്റിലൂടെ ഒഴുകി ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ എത്തുന്ന ഭാഗത്ത് ബ്രഹ്മപുത്രയിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. ഇതുകണക്കിലെടുത്താണ് അവിടെ അണക്കെട്ട് നിർമ്മിക്കാൻ നിർദ്ദേശം ഉയർന്നത്.
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയെ ചൊല്ലി തർക്കത്തിലുള്ള ഇന്ത്യയും ചൈനയും തമ്മിൽ ജലയുദ്ധത്തിന് വഴിതെളിക്കുന്നതാണ് ബ്രഹ്മപുത്രയിലെ അണക്കെട്ട് പദ്ധതി. ചൈനയുടെ 60 ഗീഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന വൻകിട പദ്ധതി അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ടിബറ്റൻ പ്രവിശ്യയിലാണ് നിർമ്മിക്കുന്നത്. അതിനിടെ ചൈനയുടെ നീക്കത്തിനെതിരെ ബംഗ്ളാദേശും രംഗത്തെത്തി. തങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ചൈന പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നാണ് അവരുടെ ആവശ്യം.