തിരുവനന്തപുരം: നവീകരണ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചതോടെ താത്കാലികമായി അടച്ചിരുന്ന വേളി ടൂറിസ്റ്റ് വില്ലേജ് ഇന്നലെ മുതൽ പൂർണമായി തുറന്നു. എല്ലാദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. നവംബർ രണ്ടിനായിരുന്നു നവീകരിച്ച ടൂറിസ്റ്റ് വില്ലേജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തതെങ്കിലും 20 മുതലാണ് പൂർണമായി തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വില്ലേജിൽ അവശേഷിച്ചിരുന്ന നവീകരണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചതോടെ പകരം ജോലിക്കാരെ കിട്ടാതായി. പിന്നീട് അധികൃതർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഡിസംബർ ഒന്നിന് തുറക്കാൻ നിർദ്ദേശം നൽകിയത്. പ്രവൃത്തി ദിവസമായ ഇന്നലെ നിരവധി ആളുകൾ എത്തിയെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ടൂറിസ്റ്റ് വില്ലേജ് ഡെപ്യൂട്ടി ഡയറക്ടർ സക്കറിയ അയ്യനേത്ത് പറഞ്ഞു. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്‌മാവ് പരിശോധിച്ച ശേഷമാണ് ടിക്കറ്റുകൾ നൽകുന്നത്. ഓരോസവാരിക്ക് ശേഷവും ബോട്ടും മിനിയേച്ചർ ട്രെയിനും അണുവിമുക്തമാക്കുന്നുമുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങളും ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |