ദില്ലി ചലോ സമരം എട്ടാം ദിവസത്തിലേക്ക്
ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. താങ്ങുവില ഉറപ്പാക്കുന്നതുൾപ്പെടെയുള്ള ചില ആവശ്യങ്ങൾ അംഗീകരിച്ച് കർഷകരെ അനുനയിപ്പിക്കാനാണ് കേന്ദ്ര നീക്കം. എന്നാൽ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചു. സിംഘു അതിർത്തിയിൽ ചേർന്ന കർഷകനേതാക്കളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ, റെയിൽവെ മന്ത്രി പീയുഷ് ഗോയൽ എന്നിവർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.
വിദഗ്ദ്ധസമിതിയെ നിയോഗിക്കാമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം കർഷകർ തള്ളിയതോടെയാണ് ചൊവ്വാഴ്ചത്തെ യോഗം പരാജയപ്പെട്ടത്. പഞ്ചാബിലെ 32 സംഘടനകളുടെ നേതാക്കൾക്കു പുറമെ, സംയുക്ത കിസാൻ മോർച്ച കോർ സമിതി നേതാക്കളായ ഹനൻമൊള്ള (കിസാൻസഭ), ശിവകുമാർ കക്കാജി (രാഷ്ട്രീയ കിസാൻ മഹാസംഘ്), ഗുർണാം സിംഗ് (ഭാരതീയ കിസാൻ യൂണിയൻ-ചന്ദോനി) എന്നിവരാണ് ഇന്നത്തെ യോഗത്തിലും പങ്കെടുക്കുക.
അതേസമയം നൂറു സംഘടനകളുടെ കൂട്ടായ്മയായ ഫാർമേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി കൂടി ഇന്നലെ സംയുക്ത കിസാൻ മോർച്ചയിൽ ചേർന്നതോടെ സമരരംഗത്തുള്ള സംഘടനകളുടെ എണ്ണം അറുനൂറായി. രാജ്യതലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ഗുഡ്ഗാവ്, ജജ്ജാർ-ബഹാദൂർഗഢ് അതിർത്തികൾകൂടി അടച്ചു. കൂടാതെ ഡൽഹി-യു.പി അതിർത്തിയായ ഗാസിപ്പുരിൽ ബുധനാഴ്ച കൂടുതൽ കർഷകർ സമരത്തിനെത്തി. യു.പിയിലെ ഭാരതീയ കിസാൻ യൂണിയൻ ടിക്കായത്ത് വിഭാഗത്തിനാണ് ഈ പ്രക്ഷോഭത്തിന്റെ നേതൃത്വം. നിലവിൽ രാജ്യതലസ്ഥാനത്തെ അഞ്ച് അതിർത്തികളിലാണ് കർഷകരുടെ പ്രക്ഷോഭം.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം
കാർഷിക നിയമങ്ങൾ പിൻവലിക്കാനും കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ അതിർത്തികൾ സ്തംഭിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായ കോർപ്പറേറ്റുകളായ അംബാനി, അദാനി എന്നിവരുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും. ഇതിനിടെ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി രാജ്യവ്യാപകപ്രക്ഷോഭവും ആരംഭിച്ചു. ജിയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി ബിജു അറിയിച്ചു.
ചരക്കുനീക്കം സ്തംഭിപ്പിക്കും
കർഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഡിസംബർ എട്ടു മുതൽ ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി) പ്രഖ്യാപിച്ചു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു-കാശ്മീർ സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന സമരം രാജ്യവ്യാപകമാക്കുമെന്ന് പ്രസിഡന്റ് കുൽതരൺ സിംഗ് അത്‌വാൾ പറഞ്ഞു.
മെഡലുകൾ തിരിച്ചുനൽകും
ഡിസംബർ ഏഴിന് വിമുക്തഭടന്മാരും കായികതാരങ്ങളും തങ്ങളുടെ മെഡലുകൾ സർക്കാരിന് മടക്കി നൽകി പ്രതിഷേധിക്കും. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗങ്ങളായ ഗുർമൈൽ സിംഗ്, സുരീന്ദർ സിംഗ് സോധി, മുൻ ഗുസ്തിതാരവും അർജുന ജേതാവുമായ കർത്താർ സിംഗ്, മുൻ ബാസ്‌കറ്റ് ബോൾ താരവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ സിംഗ് ചീമ തുടങ്ങി മുപ്പതിലധികം താരങ്ങളാണ് മെഡലുകൾ തിരിച്ചുനൽകുക. ഡിസംബർ 5ന് രാഷ്ട്രപതിയെ കാണാനും ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |