ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര സ്‌പൈസസ് കമ്പനിയായ മഹാശയ ഡി ഹട്ടിയുടെ (എം ഡി എച്ച്) സ്ഥാപകൻ ധരംപാൽ ഗുലാത്തി അന്തരിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ ധരംപാൽ ഗുലാട്ടി ഡൽഹിയിലെ മാതാ ചനൻ ദേവി ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. 98 വയസുളള ഇദ്ദേഹം കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.
'ദാദാജി' എന്നാണ് അദ്ദേഹം സ്‌നേഹപൂർവം അറിയപ്പെട്ടിരുന്നത്. 1923ൽ പാകിസ്ഥാനിലെ സിയാൽകോട്ടിലാണ് ധരംപാൽ ഗുലാട്ടി ജനിച്ചത്. വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് വന്നു. ഡൽഹിയിലെ കരോൾ ബാഗിൽ ഒരു ഷോപ്പ് തുടങ്ങിയായിരുന്നു അദ്ദേഹത്തിന്റെ വ്യാപാര ബന്ധം ആരംഭിക്കുന്നത്. 2019ൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ നിന്ന് പത്മഭൂഷൺ അവാർഡ് ലഭിച്ചു.
തന്റെ കമ്പനി നിർമ്മിക്കുന്ന ഉത്പ്പന്നങ്ങളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതും ധരംപാൽ ഗുലാട്ടി തന്നെയായിരുന്നു. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പരസ്യ ചിത്ര അഭിനേതാവ് ഇദ്ദേഹമായിരിക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പാക്കിസ്ഥാൻ അതിർത്തി കടന്നെത്തിയ ഗുലാട്ടിയുടെ കുടുംബത്തിന്റെ കൈയിൽ ഉണ്ടായിരുന്നത് വെറും 1,500 രൂപ മാത്രമായിരുന്നു. അവിടെ നിന്നാണ് ഗുലാട്ടി 2,000 കോടി മൂല്യമുളള എം ഡി എച്ച് എന്ന വൻകിട കമ്പനി സ്ഥാപിക്കുന്നത്.
Dharm Pal ji was very inspiring personality. He dedicated his life for the society. God bless his soul. https://t.co/gORaAi3nD9
— Arvind Kejriwal (@ArvindKejriwal) December 3, 2020
എം ഡി എച്ചിന്റെ സി ഇ ഒ ആയ അദ്ദേഹത്തിന്റെ 2018ലെ ശമ്പളം 25 കോടി രൂപയായിരുന്നു. എഫ് എം സി ജി (ഫാസ്റ്റ് മൂവെബിൾ കൺസ്യൂമർ ഗുഡ്‌സ്) മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ സി ഇ ഒമാരിൽ ഏറ്റവും ഉയർന്ന ശമ്പളമായിരുന്നു ഇത്. ഇന്ന് ഇന്ത്യയിലും ദുബായിലുമായി എം ഡി എച്ചിന് 18 ഫാക്‌ടറികളാണുളളത്. കമ്പനി മൊത്തം 62 ഉത്പനങ്ങൾ വിപണിയിലെത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |