തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ കരതൊടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് നാളെ പകൽ തിരുവനന്തപുരം കൊല്ലം അതിർത്തിയിലൂടെ കടന്നു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ കാറ്റിന്റെ വേഗത 60 കിലോമീറ്ററിൽ താഴെയായിരിക്കുമെന്നും പ്രളയ സാദ്ധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിൽ ശക്തമായ മഴപെയ്യുമെന്നും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ഇവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കടലിൽ പോകാൻ വേണ്ട നടപടികൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ്ഗാർഡ് എന്നിവർ നടത്തി. മത്സ്യബന്ധനഗ്രാമങ്ങളിൽ അനൗൺസ്മെന്റുകൾ നടത്തി. കളക്ടർമാരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻ.ഡി.ആർ.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചതായും ആവശ്യമായ മുൻകരുതൽ സംസ്ഥാനം സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്സഡ് വിംഗ് എയർക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനത്തിനായി നാവികസേനയോട് കപ്പലുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റെറുകളും ജില്ലാ തലത്തിൽ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് ഇവർ 24 മണിക്കൂറും വിവരം നൽകുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി സംസാരിച്ചുവെന്നും എല്ലാ വിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |