കോട്ടയം : പ്രായത്തിൽ ചെറുപ്പമായ കിടങ്ങൂരിൽ ഇത്തവണ പോരാട്ടത്തിന് വീറും വാശിയുമേറും. കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാടുന്ന ഡിവിഷനിൽ ബി.ജെ.പിയും ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതോടെയാണ് പോരാട്ട ചൂട് വർദ്ധിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
പ്രത്യക്ഷത്തിൽ യു.ഡി.എഫ് ചുവയുള്ള മണ്ണാണ് ഡിവിഷന്റേതെന്ന് വിലയിരുത്തലുണ്ട്. കേരള കോൺഗ്രസിന് നിർണായക സ്വാധീനവുമുണ്ട്. കടുത്തുരുത്തി, പാലാ, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളിലായി പരന്നു കിടക്കുന്ന ഡിവിഷനിൽ കിടങ്ങൂർ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകൾ പൂർണമായും അകലക്കുന്നം പഞ്ചായത്തിലെ ഏഴു വാർഡുകളും എലിക്കുളം പഞ്ചായത്തിലെ അഞ്ചും മീനച്ചിൽ പഞ്ചായത്തിലെ രണ്ടും വാർഡുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. ഡിവിഷനിൽ മുന്നണിയ്ക്കുള്ള വേരോട്ടം വിജയം ഉറപ്പാക്കുന്നതായി യു.ഡി.എഫ് അവകാശപ്പെടുന്നു. കേരള കോൺഗ്രസിന്റെ വരവോടെ ഡിവിഷനിൽ തങ്ങളാണ് പ്രധാനമുന്നണിയെന്നും വിജയം ഉറപ്പെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. പാർട്ടിയുടെ സ്വാധീനം ബി.ഡി.ജെ.എസ് കൂട്ടുകെട്ട്, സ്ഥാനാർത്ഥിയുടെ മികവ് എന്നിവയിലാണു ബി.ജെ.പിയുടെ വിജയപ്രതീക്ഷ.
ജോസ്‌മോൻ മുണ്ടയ്ക്കൽ
യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ സീറ്റിൽ കൊഴുവനാൽ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ജോസ്‌മോൻ മുണ്ടയ്ക്കലാണ് സ്ഥാനാർത്ഥി. ഏറ്റുമാനൂരിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജോസ് മോൻ കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കിടങ്ങൂർ ഡിവിഷന്റെ ഭൂരിഭാഗവും പഴയ ഏറ്റുമാനൂർ ഡിവിഷന്റെ ഡിവിഷന്റെ ഭാഗമായിരുന്നു. മുന്നണിയ്ക്കുള്ള സ്വാധീനത്തിന് പുറമെ ജോസ്‌മോന്റെ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നു യു.ഡി.എഫ്. കണക്കൂകൂട്ടുന്നു.
ടോബിൻ കെ.അലക്സ്
എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയിരിക്കുന്ന സീറ്റിൽ
കുറവിലങ്ങാട് സെന്റ് മേരീസ് എച്ച്.എസിലെ അദ്ധ്യാപകൻ കൂടിയായ ടോബിൻ കെ. അലക്‌സിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുത്തോലി പഞ്ചായത്ത് മെമ്പറായ ടോബിൻ, 2017 മുതൽ മുത്തോലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. മുത്തോലി പഞ്ചായത്ത് കാണിയക്കാട് വാർഡിൽ കന്നി മത്സരത്തിൽ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലാ ജനറൽ ആശുപത്രി വികസനസമിതി അംഗം, രൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
എസ്.ജയസൂര്യൻ
സംസ്ഥാന വക്താവ് കൂടിയായ എസ്. ജയസൂര്യനെ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത് വ്യക്തമായ പദ്ധതികളോടെയാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടിയ്ക്കുള്ള വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ ജയസൂര്യന്റ മത്സരം ഗുണകരമാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന ജയസൂര്യൻ റബർ ബോർഡ് വൈസ് ചെയർമാനായും പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |