ഒപെക് - റഷ്യ ചർച്ചയിൽ 'ഒത്തുതീർപ്പ് തീരുമാനം"
ദുബായ്: ജനുവരി മുതൽ മാർച്ചുവരെ ക്രൂഡോയിൽ ഉത്‌പാദനം പ്രതിദിനം അഞ്ചുലക്ഷം ബാരൽ വീതം വർദ്ധിപ്പിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് കൂട്ടായ്മയും ഒപെക്കിൽ അംഗമല്ലാത്ത ഉത്‌പാദക രാജ്യമായ റഷ്യയും തമ്മിലെ ചർച്ചയിൽ ധാരണ.
ഒപെക് ഇതര രാജ്യങ്ങളും ഒപെക്കും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിൽ തർക്കം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഒത്തുതീർപ്പെന്നോണമാണ് ജനുവരി മുതൽ ഉത്‌പാദനം കൂട്ടാൻ തീരുമാനിച്ചത്. നിലവിൽ പ്രതിദിനം 77 ലക്ഷം ബാരൽ വീതം ഉത്‌പാദനം വെട്ടിക്കുറയ്ക്കുന്നുണ്ട് ഒപെക്കും റഷ്യയും. ഇതിൽ, പ്രതിദിനം 20 ലക്ഷം ബാരൽ വീതം ഉത്‌പാദനം വർദ്ധിപ്പിക്കണമെന്നാണ് ഒപെക് ഇതര രാഷ്‌ട്രങ്ങൾ അഥവാ 'ഒപെക് പ്ളസ്" ആവശ്യപ്പെട്ടത്.
അതായത്, ഉത്‌പാദനക്കുറവ് 57 ലക്ഷം ബാരലിൽ നിജപ്പെടുത്തണം. എന്നാൽ, നിലവിലെ സ്ഥിതി തുടരണമെന്നായിരുന്നു സൗദിയുടെ വാദം. കൊവിഡിൽ നഷ്‌ടപ്പെട്ട ഡിമാൻഡ് തിരിച്ചുകയറിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഉത്‌പാദനം കൂട്ടരുതെന്നും സൗദി വാദിച്ചു. തർക്കം രൂക്ഷമായതോടെ ആയിരുന്നു ഒത്തുതീർപ്പ് തീരുമാനം.
ഫലത്തിൽ, ജനുവരി മുതൽ ഉത്‌പാദനക്കുറവ് പ്രതിദിനം 72 ലക്ഷം ബാരലായിരിക്കും. ഉത്‌പാദനം കൂട്ടാനുള്ള തീരുമാനം നടപ്പായാൽ രാജ്യാന്തര ക്രൂഡ് വില കുറയും. അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്നതിനാൽ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവിന് വരും മാസങ്ങളിൽ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |