ഭോപ്പാൽ: പാം ഓയിലും രാസവസ്തുക്കളും ചേർത്ത് പാൽ ഉണ്ടാക്കി വിറ്റ റിട്ട. അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. മദ്ധ്യപ്രദേശിലെ ഒരു സർക്കാർ സ്‌കൂളിൽ പ്രിൻസിപ്പിളായി വിരമിച്ച കെമിസ്ട്രി അദ്ധ്യാപകനായ ദീന്ദയാൽ ശർമയാണ് കേസിലെ മുഖ്യപ്രതി.ഇയാൾ ഒളിവിലാണ്.
ഖാദിയഹാർ ഗ്രാമത്തിലെ പ്രതിയുടെ വീട്ടിൽ പൊലീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തിയിരുന്നു. റെയ്ഡിൽ 200 ലിറ്റർ സിന്തറ്റിക് പാൽ, പാം ഓയിൽ, രാസവസ്തുക്കൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.
ഭക്ഷണത്തിലോ പാനീയത്തിനോ മായം ചേർക്കൽ, വിഷം കലർന്ന ഭക്ഷണപാനീയങ്ങളുടെ വിൽപ്പന ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറുപത്തഞ്ചുകാരനായ ദീന്ദയാൽ പ്രതിദിനം 250-300 ലിറ്റർ പാൽ വിറ്റിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.പിടിച്ചെടുത്ത സാധനങ്ങൾ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിൻഡോണിയ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള രാജ്കുമാർ സിംഗ് പറഞ്ഞു.
'ശർദിയഹാറിലെ ഹയർ സെക്കൻഡറി സ്‌കൂളിൽ വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുമ്പോൾ അവിടത്തെ വിജയശതമാനം വെറും 17% മാത്രമായിരുന്നു. പക്ഷേ കഠിനപരിശ്രമത്തിലൂടെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വിദ്യാഭ്യാസ നിലവാരം അദ്ദേഹം എഴുപത് ശതമാനത്തിലേക്ക് എത്തിച്ചു. ജനങ്ങളുടെ മുന്നിൽ തികച്ചും മാതൃകാപരമായ ജീവിതമായിരുന്നു മാഷ് നയിച്ചിരുന്നത്.അങ്ങനെയൊരാൾ ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'-സാമൂഹിക പ്രവർത്തകനും ദീന്ദയാൽ ശർമയുടെ മുൻ വിദ്യാർത്ഥിയുമായ ജയന്ത് തോമർ പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |