കൊച്ചി: ഒരിക്കൽ വിധി വന്ന കേസായതിനാൽ വാളയാർ കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസമുണ്ടായേക്കും. സിബിഐ അന്വേഷണ വിജ്ഞാപനമിറക്കാൻ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചേക്കുമെന്നാണ് നിയമവകുപ്പിൽ നിന്നുളള വിവരം.
വാളയാർ കേസിൽ വിചാരണ കോടതിയായ പാലക്കാട് പോക്‌സോ കോടതിയുടെ വിധി മുൻപ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പ്രാധമികാന്വേഷണം നടത്തിയ പൊലീസിനെയും പ്രോസിക്യൂട്ടർമാരെയും മുതൽ കേസ് വിധി പറഞ്ഞ പോക്‌സോ കോടതി ജഡ്‌ജിമാർക്ക് പരിശീലനം നൽകണമെന്നുവരെ ഹൈക്കോടതി വിമർശിച്ചിരുന്നു. കേസ് തുടർവിചാരണ നടത്താനും ഉത്തരവായിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം വിശ്വാസമില്ലാത്തതിനാൽ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്ന് പെൺകുട്ടികളുടെ രക്ഷകർത്താക്കളും വാളയാർ സമരസമിതിയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് സമ്മതമേകി.
ഇന്ന് വാളയാറിലെ മൂത്ത പെൺകുട്ടിയുടെ നാലാം ചരമവാർഷിക ദിനമാണ്. പെൺകുട്ടിയുടെ അച്ഛനമ്മമാർ ഇന്ന് സത്യാഗ്രഹം നടത്തുകയുമാണ്. കുടുംബത്തിനൊപ്പമുണ്ടെന്ന് പറയുന്ന സർക്കാർ പക്ഷെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സഹായിക്കുന്നെന്ന് ഇവർ അഭിപ്രായപ്പെടുന്നു. കേസ് അട്ടിമറിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യവുമായി ജനുവരി 26 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |