SignIn
Kerala Kaumudi Online
Thursday, 14 May 2026 12.19 PM IST

വാളയാർ കേസ് : പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ച,​ എസ്.ഐയ്ക്കും അഭിഭാഷകർക്കുമെതിരെ നടപടി വേണമെന്ന് കമ്മിഷൻ

walayar-

തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് ഹനീഫ കമ്മിഷന്റെ കണ്ടെത്തൽ. കേസിൽ ആദ്യം അന്വേഷണം നടത്തിയ എസ്.ഐ പി.സി. ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമ്മിഷൻ വിലയിരുത്തി. എസ്.ഐയ്ക്കും അഭിഭാഷകർക്കുമെതിരെ നടപടി വേണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെച്ചു.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്.ഐ അവഗണിച്ചു. ചാക്കോയ്ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തിൽ നിന്നും മാറ്റിനിർത്താനുമുളള ശുപാ‍ർശ അംഗീകരിച്ചു. തുടർന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കും. കുറ്റപത്രം സമർപ്പിച്ച മുൻ ഡിവൈ.എസ്.പി സോജൻ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയെന്നും കമ്മീഷൻ പറയുന്നു.

വിചാരണയിൽ വീഴ്ചവരുത്തിയ അഭിഭാഷകരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടറാക്കി നിയമനം നൽകില്ലെന്നും സർക്കാർ തീരുമാനിച്ചു.

കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ 26 മുതൽ അനിശ്ചിതകാല നിരാഹാരം നടത്തും.

അതേസമയം വാളയാർ കേസ് സി.ബി.ഐക്ക് കൈമാറാനുള്ള സർക്കാർ വിജ്ഞാപനം ഇനിയും വൈകും. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത് അനുസരിച്ച് കരട് വിജ്ഞാപനം ആഭ്യന്തരവകുപ്പ് നിയമ വകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് പോക്സോ കോടതി വിധി പറഞ്ഞ കേസിൽ തുടരന്വേഷണം സി.ബി.ഐക്ക് കൈമാറണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമാണെന്ന് നിയമ സെക്രട്ടറി ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ കോടതിയുടെ അനുമതി വാങ്ങിയ ശേഷം വിജ്ഞാപനം ഇറക്കുന്ന കാര്യമാണ് ആഭ്യന്തരവകുപ്പ് ചർച്ച ചെയ്യുന്നത്.

Add as a preferred source on Google
TAGS: WALAYAR CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA