തിരുവനന്തപുരം: കോൺഗ്രസിലും യു ഡി എഫിലും പതിവുകൾ തെറ്റുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണോ അതിന് പിന്നിലെന്ന് ചോദിച്ചാൽ അതേയെന്നു തന്നെ നേതാക്കൾക്ക് മറുപടി പറയേണ്ടി വരും. സ്ഥാനാർത്ഥി നിർണയവും ഉടച്ചുവാർക്കലും ഉൾപ്പടെയുളള കാര്യങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ വളരെ നേരത്തെ തന്നെ കോൺഗ്രസിൽ തുടങ്ങികഴിഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും രണ്ട് റൗണ്ട് സന്ദർശനം ഇതിനകം കേരളത്തിൽ നടത്തിക്കഴിഞ്ഞു. അശോക് ഗഹ്‌ലോട്ടിന്റെ നേതൃത്വത്തിൽ നിരീക്ഷകർ സംസ്ഥാനത്തേക്ക് വരാൻ തയ്യാറെടുക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഒച്ചിഴയുന്ന വേഗത്തിൽ കാര്യങ്ങൾ നീങ്ങിയിരുന്ന യു ഡി എഫിലും കോൺഗ്രസിലും ഇനിയെല്ലാം അതിവേഗമാണെന്ന് ചുരുക്കം.
എന്തായാലും, നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മുഴം മുമ്പേ നീട്ടിയെറിയാൻ തന്നെയാണ് യു ഡി എഫിന്റെ നീക്കം. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള യു ഡി എഫ് പ്രകടനപത്രിക ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പേ ഒരു മുന്നണി പ്രകടന പത്രിക പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ്. മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഒരിടത്ത് ഇരുന്ന് എഴുതേണ്ട, യാത്ര വേണം
പ്രകടന പത്രിക തയ്യാറാക്കുന്ന യു ഡി എഫ് കമ്മിറ്റിയുടെ സംസ്ഥാനതല പര്യടനം ഇന്നലെ ആരംഭിച്ചു. സാധാരണഗതിയിൽ എൽ ഡി എഫ് കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ യു ഡി എഫിന്റെ ഭാഗത്ത് നിന്ന് അത്തരം ശ്രമങ്ങളൊന്നും ഉണ്ടാകാറില്ല. ഇതിനൊരു മാറ്റം എന്ന നിലയിലാണ് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ഓരോ വിഭാഗത്തിന്റേയും ആവശ്യങ്ങൾ കേട്ടറിഞ്ഞ് പ്രകടനപത്രിക തയ്യാറാക്കാൻ യു ഡി എഫിനെ നിർബന്ധിതമാക്കിയത്. ഒരിടത്തിരുന്ന് പ്രകടനപത്രിക എഴുതുന്ന പരിപാടി വേണ്ടെന്ന് മുന്നണിയിലെ ചില കക്ഷികൾ കടുംപിടിത്തം പിടിച്ചതും ഇതിന് കാരണമായി.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലായിരുന്നു കമ്മിറ്റിയുടെ ഇന്നലത്തെ പര്യടനം. കമ്മിറ്റി ചെയർമാനായ ബെന്നിബഹന്നാൻ, കൺവീനർ സി പി ജോൺ, ദേവരാജൻ, എം കെ മുനീർ തുടങ്ങിയവർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു. മോൻസ് ജോസഫ്, എൻ കെ പ്രേമചന്ദ്രൻ,അനൂപ് ജേക്കബ് തുടങ്ങിയവരും കമ്മിറ്റിയിലെ അംഗങ്ങളാണ്. വർക്കിംഗ് ചേമ്പർ ഒഫ് കൊമേഴ്‌സ്, വ്യാപാരി വ്യവസായികൾ, യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർ, ഐ എം എ, വിവിധ സമുദായ നേതാക്കൾ, തൊഴിലാളി സംഘടന നേതാക്കൾ, കർഷകർ തുടങ്ങിയവരുമായിട്ടായിരുന്നു കൂടിക്കാഴ്‌ച.
ചെന്നിത്തലയുടെ ജാഥയ്‌ക്ക് മുന്നേ
ഇന്ന് പാലക്കാട്, തൃശൂർ ജില്ലകളിലും നാളെ കൊച്ചിയിലും കോട്ടയത്തും പ്രകടനപത്രിക സംഘം പര്യടനം നടത്തും. ഇരുപതാം തീയതി തിരുവനന്തപുരത്തെത്തുന്ന സംഘം ഇരുപത്തിയൊന്നോടെ ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിക്കും. തൊട്ടുപിന്നാലെ പ്രകടനപത്രികയുടെ കരട് റിപ്പോർട്ട് യു ഡി എഫിന് സമർപ്പിക്കും. ഫെബ്രുവരി ഒന്നിന് പ്രതിപക്ഷ നേതാവ് കാസർകോട് നിന്ന് ആരംഭിക്കുന്ന കേരള യാത്രയ്‌ക്ക് മുമ്പേ പ്രകടനപത്രിക അച്ചടിക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. തുടർന്ന് യാത്രയ്‌ക്കിടെ ഫെബ്രുവരി ആദ്യവാരത്തോടെ പ്രകടനപത്രികയുടെ പ്രകാശനം ഉണ്ടാകും. എൽ ഡി എഫ് സർക്കാരിനെതിരെയുളള പ്രചാരണത്തിനൊപ്പം പ്രകടനപത്രിക വാഗ്ദാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരിക്കും യാത്രയുടെ പ്രധാന ലക്ഷ്യം.
ചെറുകക്ഷികളുടെ വാശി
ആർ എസ് പി, സി എം പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങി ചെറുകക്ഷികളുടെ വാശിയാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു നീക്കത്തിന് യു ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇങ്ങനെ പോയാൽ ശരിയാകില്ലെന്നും പ്രകടനപത്രിക നേരത്തെ പുറത്തിറക്കണമെന്നും പ്രേമചന്ദ്രൻ, സി പി ജോൺ, ദേവരാജൻ തുടങ്ങി നേതാക്കൾ യു ഡി എഫിൽ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. അതിനു മുന്നോടിയായാണ് ന്യായ് പദ്ധതി ഉൾപ്പടെയുളള കാര്യങ്ങൾ നേരത്തെ പ്രഖ്യാപിച്ചത്. യു ഡി എഫിൽ നിന്ന് അകന്ന പരമ്പരാഗത വിഭാഗത്തെ തിരികെയെത്തിക്കാനുളള ശ്രമത്തിനൊപ്പം യു ഡി എഫാണ് ശരിയെന്ന് ശക്തമായി പ്രചാരണം നടത്തുക കൂടിയാണ് പ്രകടനപത്രികയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി അംഗങ്ങൾ ഫ്ളാഷിനോട് പറഞ്ഞു.
ന്യായിനെ വിപുലപ്പെടുത്താൻ നീക്കം
കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം പി മുന്നോട്ട് വച്ച പദ്ധതിയാണ് ന്യായ് അഥവാ മിനിമം ഇൻകം ഗ്യാരന്റി സ്‌കീം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുമെന്ന് ( വർഷം 72,000 രൂപ )യു.ഡി.എഫ് കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി കൂടുതൽ ചർച്ചകളിലൂടെ സമ്പുഷ്‌മാക്കാനാണ് പ്രകടനപത്രിക കമ്മിറ്റി ലക്ഷ്യമിടുന്നത്. ന്യായിനൊപ്പം മറ്റ് പ്രഖ്യാപനങ്ങളും വിപുലപ്പെടുത്താനുളള ശ്രമങ്ങൾ നേതാക്കൾ നടത്തുന്നുണ്ട്. peoplesmanifesto2021@gmail.com എന്ന മെയിൽ ഐ ഡിയിലൂടെ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ അറിയിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |