തിരുവനന്തപുരം: പ്രതിപക്ഷം പറഞ്ഞതിന്റെ ആവർത്തനമാണ് സി എ ജി റിപ്പോർട്ടിലുളളതെന്ന് വി ഡി സതീശൻ എം എൽ എ നിയമസഭയിൽ. അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു സതീശന്റെ പരാമർശം. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്‌ബിയെ വിമർശിച്ചിട്ടില്ല. അനധികൃതമായ കടമെടുപ്പിനെയാണ് വിമർശിച്ചിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ഭരണഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും വായ്പ എടുക്കാൻ ആകില്ല. ഭരണഘടന ലംഘിച്ചാണ് കിഫ്‌ബി വായ്‌പയെടുത്തത്. സർക്കാരിനെ സി എ ജി ഒന്നും അറിയിച്ചില്ലെന്ന ഐസകിന്റെ വാദം തെറ്റാണ്. സി എ ജി റിപ്പോർട്ടിൽ തന്നെ കിഫ്‌ബിയുടെ വിശദീകരണം ഉണ്ട്. സി എ ജിയും ധനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ എക്‌സിറ്റ് യോഗം ചേർന്നിട്ടുണ്ട്. യോഗത്തിന്റ റിപ്പോർട്ട് സി എ ജി ധനവകുപ്പിന് അയച്ചിട്ടുണ്ട്. എന്നിട്ട് ധനമന്ത്രി കളളം പറയുകയാണെന്നും സതീശൻ പറഞ്ഞു.
ഇത് കേന്ദ്രത്തിലെ മോദി സർക്കാരും സി എ ജിയും ചേർന്ന് പിണറായി സർക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയല്ല. കേന്ദ്ര സർക്കാർ ബഡ്‌ജറ്റിന് പുറത്തു വായ്‌പ എടുക്കുന്നതിനെതിരെ സി എ ജി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കേന്ദ്ര ധനമന്ത്രി റിപ്പോർട്ട് ചോർത്തി വാർത്ത സമ്മേളനം നടത്തിയില്ല. തെറ്റിന് മറ ഇടാൻ വേണ്ടി സി എ ജിയെ മോശക്കാരാക്കുകയാണ്.
മസാല ബോണ്ടിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചെന്നാണ് ധനമന്ത്രി ആദ്യം പറഞ്ഞത്. ആർ ബി ഐ അനുമതിയെ ധനമന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. മസാല ബോണ്ടിനെ മുൻ ചീഫ് സെക്രട്ടറിയും ധനവകുപ്പ് സെക്രട്ടറിയും എതിർത്തു. സി എ ജിയെ റിപ്പോർട്ട് വിവാദമാകുമെന്ന് അറിഞ്ഞാണ് ധനമന്ത്രി ചോർത്തിയത്. പ്രതിക്കൂട്ടിൽ നിൽക്കേണ്ട ധനമന്ത്രി സി എ ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൂട്ടത്തിൽ സി എ ജിയെ കൂടി കൂട്ടിയാണ് സർക്കാർ വിമർശനം ഉന്നയിക്കുന്നതെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |