ബംഗളൂരു: ആകാശപ്പോരിന് കരുത്തേകി ഹോക്ക്-ഐ പദ്ധതിയുടെ ഭാഗമായുള്ള സ്‌മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (എസ്.എ.എ.ഡബ്ലിയു) ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് ഹോക്ക് -ഐ വിമാനം ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്.
ശത്രുവിന്റെ വ്യോമത്താവളങ്ങളെ നശിപ്പിക്കാനുള്ള നിയന്ത്രിത ബോംബുകളാണിവ. 100 കിലോ മീറ്റർ അകലെയുള്ള ശത്രുക്കളുടെ വസ്തുവകകളെ കണ്ടെത്തി നശിപ്പിക്കുമെന്നതാണ് ആന്റി എയർഫീൽഡ് വെപ്പണുകളുടെ പ്രത്യേകത.
വിരമിച്ച വിംഗ് കമാൻഡർമാരായ പി. അവാസ്തി, എം. പട്ടേൽ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച രീതിയിലാണ് പരീക്ഷണം നടന്നതെന്നും എല്ലാ ലക്ഷ്യങ്ങളും കൃത്യമായി ഭേദിച്ചെന്നും എച്ച്.എ.എൽ അറിയിച്ചു.
ആന്റി എയർഫീൽഡ് വെപ്പണുകൾക്ക് 125 കിലോഗ്രാം ഭാരമുണ്ട്. ഇതാദ്യമായാണ് ഇന്ത്യൻ നിർമ്മിത ഹോക്ക്-എം.കെ.132ൽ നിന്നും സ്മാർട്ട് വെപ്പൺ പരീക്ഷിക്കുന്നത്. നേരത്തെ, ജാഗ്വാർ എയർക്രാഫ്റ്റുകളിൽ നിന്നും ഇവ വിജയകരമായി വിക്ഷേപിച്ചിരുന്നു. 100 കിലോ മീറ്ററിനുള്ളിലുള്ള ശത്രുക്കളുടെ റഡാറുകൾ, ബങ്കറുകൾ, റൺവേകൾ എന്നിവ തകർക്കുകയാണ് സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണുകളുടെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |