ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ വാക്‌സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. 50 വയസിന് മുകളിലുള്ള എല്ലാ മുഖ്യമന്ത്രിമാർക്കും എം.പിമാർക്കും എം.എൽ.എമാർക്കും മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ഈഘട്ടത്തിൽ വാക്‌സിൻ നൽകും. മാർച്ചിലോ ഏപ്രിലോ ആയിരിക്കും രണ്ടാംഘട്ടം തുടങ്ങുക.
ജൂലായിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആരോഗ്യപ്രവർത്തകർ, മറ്റ് മുന്നണിപ്പോരാളികൾ എന്നിങ്ങനെ 3 കോടി പേർക്കുള്ള ആദ്യഘട്ട കുത്തിവയ്പ്പാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർ, 50 വയസിന് താഴെ മറ്റ് ഗുരുതര രോഗമുള്ളവർ തുടങ്ങി 27 കോടി പേർക്ക് നല്കും.
മോദിക്ക് എഴുപത് വയസായി. മുഖ്യമന്ത്രിമാരിൽ ഭൂരിഭാഗവും ലോക്‌സഭയിലെ പകുതിയിലേറെ എം.പിമാരും (44 ശതമാനം) 50 വയസിന് മുകളിലുള്ളവരാണ്. അതിനാൽ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.
ജനപ്രതിനിധികൾക്ക് ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ കുത്തിവയ്ക്കണമെന്ന് ചില സംസ്ഥാനങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻഗണന തെറ്റിച്ച് വാക്‌സിനെടുക്കാൻ ധൃതി കാണിക്കരുതെന്ന് പ്രധാനമന്ത്രി കർശനമായി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |