ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾനേട്ടത്തിൽ റെക്കാഡ്
യുവന്റസിന് ഇറ്റാലിയൻ സൂപ്പർ കോപ്പ
മിലാൻ : രാജ്യത്തിനും ക്ളബിനുമായി ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കാഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ച മത്സരത്തിൽ നാപ്പൊളിയെ 2–0ന് തകർത്ത് യുവന്റസ് ഇറ്റാലിയർ സൂപ്പർ കപ്പുയർത്തി. യുവന്റസിനായി രണ്ടു ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോയാണ്.
നാപ്പൊളിക്കെതിരായ ഇരട്ടനേട്ടത്തോടെ ക്രിസ്റ്റ്യാനോയുടെ കരിയർ ഗോളുകളുടെ എണ്ണം 760 ആയി. 1931–55 കാലഘട്ടത്തിൽ കളിച്ചിരുന്ന ആസ്ട്രിയ– ചെക്കോസ്ലൊവാക്യ താരം ജോസഫ് ബികാന്റെ 759 ഗോളുകൾ എന്ന റെക്കോർഡാണ് റൊണാൾഡോയ്ക്ക് വഴിമാറിയത്.
ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ആകെ ഗോളുകളുടെ എണ്ണത്തിൽ ഇതിഹാസ താരം പെലെയുടെ റെക്കോർഡ് (758 ഗോൾ) കഴിഞ്ഞ മാസമാണ് റൊണാൾഡോ മറികടന്നത്.
2018ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ ക്ളബിനൊപ്പം നേടുന്ന നാലാം കിരീടമാണിത്.
സെരി എ ചാമ്പ്യന്മാരും കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരും തമ്മിലുള്ള വാർഷിക മത്സരമാണ് ഇറ്റാലിയൻ സൂപ്പർ കപ്പ്. കഴിഞ്ഞ സീസൺ കോപ്പ ഇറ്റാലിയ ഫൈനലിൽ യുവന്റസിനെ നാപ്പൊളി തോൽപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |