മുൻപ് മുള്ളൻപന്നിയെയും വേട്ടയാടി
ഇവർക്ക് ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം ഉണ്ടെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്
കോട്ടയം: പുള്ളിപ്പുലിയെ കെണിയിൽപ്പെടുത്തി കൊന്ന് മാംസം പങ്കിട്ട കേസിൽ അഞ്ചംഗ സംഘം സ്ഥിരം നായാട്ടുകാരാണെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ഇവർ സ്ഥിരമായി കാട്ടിൽ വേട്ടയ്ക്ക് പോയിരുന്നതായും മുള്ളൻപന്നിയെ വേട്ടയാടി ഭക്ഷിച്ചിരുന്നതായും റേഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യൻ വ്യക്തമാക്കി. ഇവർക്ക് ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം ഉണ്ടെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് തോക്കിനായി തിരച്ചിൽ ആരംഭിച്ചു. മാങ്കുളം മുനിപ്പാറ കൊള്ളികൊളവിൽ വിനോദിന്റെ നേതൃത്വത്തിലാണ് നായാട്ട് നടന്നുവന്നത്. ഇവർ വ്യാജമായി മദ്യം വാറ്റിയെടുത്തിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളുടെ മാംസം പുറത്ത് കൊടുത്തിരുന്നില്ലെന്നും അതീവ രഹസ്യമായാണ് വേട്ടയാടിക്കൊണ്ടു വരുന്ന മാംസം പങ്കിട്ടിരുന്നതെന്നും അറിവായിട്ടുണ്ട്. സമഗ്ര അന്വേഷണമാണ് വനംവകുപ്പ് ആരംഭിച്ചിട്ടുള്ളത്.
മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ് (45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുമ്പൻകുത്ത് ചെമ്പൻ പുരയിടത്തിൽ സി.എസ് ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ചയാണ് സംഭവം. ഒന്നാം പ്രതി വിനോദിന്റെ കൃഷിയിടത്തിൽ ഇരുമ്പ് കേബിൾ ഉപയോഗിച്ച് കെണി ഒരുക്കിയാണ് സംഘം ആറ് വയസുള്ള ആൺ പുലിയെ പിടികൂടിയത്. പുലിയെ കൊന്ന് മാംസം സംഘം വീതിച്ചെടുത്തു. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽ നിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ മൂന്നാം പ്രതി ബിനുവിന്റെ വീട്ടിലെ അടുപ്പിൽ പുലിയിറച്ചി വേവിച്ചുകൊണ്ടിരിക്കയായിരുന്നു. പത്ത് കിലോ പുലി മാംസം വിനോദിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ബാക്കി മാംസം സംഘാംഗങ്ങൾക്ക് നൽകിയതായാണ് സൂചന. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയ ഘോഷ്, ദിലീപ് ഖാൻ ,ജോമോൻ, അഖിൽ,ആൽബിൻ എന്നിവരും റേഞ്ച് ഓഫീസർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |