മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന ചർച്ചകൾ സജീവമാകവേ വിഷയത്തിൽ പ്രതികരണവുമായി സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. വാർത്തകളിൽ കണ്ടതല്ലാതെ തന്നെ ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവർത്തകനായ താൻ ചെറുപ്പം മുതൽ യു ഡി എഫ് അനുഭാവിയാണെന്ന് പറയാനും ഫിറോസ് മറന്നില്ല. കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരിൽ നിന്നും ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുമെന്ന് പ്രചാരണം ഉണ്ടെങ്കിലും യു ഡി എഫും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയഘട്ടത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രത്തിന് പിന്നാലെ അദ്ദേഹം ജനവധി തേടിയേക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഒതുങ്ങൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരസ്യ ബോർഡിലായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രമുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |