മുംബയ് : അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കുറ്റത്തിന് പതിനേഴ് മാസമായി ജയിലിൽ കഴിഞ്ഞ മുംബയ് സ്വദേശിക്ക് ഒടുവിൽ നീതി ലഭിച്ചു. ഡി എൻ എ റിസൾട്ടിലൂടെയാണ് പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി ഇയാളല്ലെന്ന് തെളിഞ്ഞത്. ഇരുപത്തിയഞ്ച് വയസുള്ള മുംബയ് സ്വദേശിക്കാണ് ഡി എൻ എ റിസൾട്ട് ജയിൽ മോചനത്തിനുള്ള വഴി തുറന്ന് നൽകിയത്. ഡിഎൻഎ റിപ്പോർട്ട് പരിഗണിച്ച് കോടതി ഇയാൾക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുകയാണ്.
ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷൽ സ്‌കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയെ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. അയൽക്കാരൻ തന്നെ രണ്ടു വട്ടം പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പറഞ്ഞുവെന്ന്കാട്ടിയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് മുംബയ് പൊലീസ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ജയിൽ വാസത്തിനിടെ യുവാവ് ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു.
തുടർന്ന് ഡിഎൻഎ റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കേസിൽ ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കുവാൻ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അതേ സമയം കേസിൽ നിന്നും ഇയാളെ നിരപരാധിയാക്കിയിട്ടില്ല.