ഇടുക്കി: മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ കർഷകനെ ലോഡ്‌ജിൽ പൊലീസ് തടഞ്ഞുവച്ചതായി പരാതി. മുരിക്കാശേരി തേക്കിൻതണ്ട് ഓലിക്കത്തൊട്ടിയിൽ ദേവസ്യ ചാക്കോയെയാണ് (56) തടഞ്ഞുവച്ചത്.
2018ലെ പ്രളയത്തിൽ ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷിസ്ഥലം നഷ്‌ടപ്പെട്ടിരുന്നു. ഇതുവരെ നഷ്‌ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ മുരിക്കാശേരിയിൽനിന്ന് 23ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തിരുവനന്തപുരത്തേക്ക് പ്ലക്കാർഡുമായി കാൽനടയാത്ര ആരംഭിച്ചു. തിങ്കളാഴ്‌ച മുഖ്യമന്ത്രി തൊടുപുഴയിൽ എത്തുന്നതറിഞ്ഞ് നേരിൽ കാണാനാണ് ദേവസ്യ തൊടുപുഴയിൽ മുറിയെടുത്തുതങ്ങിയത്. തൊടുപുഴയിൽനിന്ന് 80 കിലോമീറ്ററോളം അകലെയാണ് മുരിക്കാശേരി. എന്നാൽ, രാവിലെ ഏഴോടെ മഫ്‌തിയിൽ രണ്ടുപേരെത്തി പൊലീസുകാരാണെന്നും താങ്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലെന്നും പറഞ്ഞതായി ദേവസ്യ പറഞ്ഞു.
പൊലീസുകാരുടെ അകമ്പടിയോടെയാണ് ദേവസ്യ ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയത്. മുഖ്യമന്ത്രി തൊടുപുഴയിൽ നിന്നു പോയ ശേഷം വൈകുന്നേരം നാല് മണിയോടെയാണു ദേവസ്യയെ പോകാൻ അനുവദിച്ചത്.ഈ തിക്താനുഭവത്തോടെ തിരുവനന്തപുരത്ത് പോകാനുളള തീരുമാനം ദേവസ്യ വേണ്ടെന്നു വച്ചു.
വിഷയത്തിൽ ഗാന്ധി ദർശൻവേദി പ്രവർത്തകർകൂടി ഇടപെട്ടതിനെ തുടർന്ന് റോഷി അഗസ്റ്റിൻ എം എൽ എ. സ്ഥലത്തെത്തി മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തിൽ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തെത്തി വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ദേവസ്യ ചാക്കോ യാത്ര ഉപേക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |