പോത്തൻകോട് : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മുതൽ മംഗലപുരം വരെയുള്ള ഔട്ടർ റിംഗ് റോഡായ നാലുവരി പാതയ്ക്ക് മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്ന് 60 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മംഗലപുരം ഗ്രാമപഞ്ചായത്തിലെ കാരമൂട് വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കി. ഒരു തുണ്ട് ഭൂമി പോലും ഇനി പഞ്ചായത്ത് പരിധിയിൽ നിന്ന് വിട്ടുകൊടുക്കേണ്ടതില്ല എന്ന് ഗ്രാമസഭ ഏകകണ്ഠമായി തീരുമാനമെടുത്തു. പ്രമേയ തീരുമാനം സർക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു. വാർഡ് അംഗം ഖുറൈഷാ ബീവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. ഷഹീൻ, മുൻ മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, വാർഡ് വികസന സമിതി കൺവീനർ പടിപ്പുര സലാം തുടങ്ങിയ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത്.
പുതിയ ഔട്ടർ റിംഗ് റോഡിന് 60 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതോടെ മംഗലപുരം പഞ്ചായത്ത് പരിധിയിൽ നിന്നുമാത്രം 1000 ലധികം പേരെ കുടിയൊഴിപ്പിക്കേണ്ടിവരും. ടെക്‌നോസിറ്റിക്കു വേണ്ടി വ്യാപക കുടിയിറക്കൽ നേരിട്ട ഇവിടത്തുകാർക്ക് ഇനിയൊരു കുടിയിറക്കൽ താങ്ങാനാവില്ല. വിഴിഞ്ഞം പോർട്ട് പൂർത്തിയാകുന്നതോടെ കണ്ടെയ്‌നർ ലോറികൾക്ക് യഥേഷ്ടം കടന്നുപോകാൻ വേണ്ടിയാണ് നഗര അതിർത്തിയിൽ നിന്ന് മാറി ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ഔട്ടർ റിംഗ് റോഡ് എന്ന ആശയം കൊണ്ടുവരുന്നത്. മംഗലപുരത്ത് 60 ഏക്കറിലും നീറമൺകുഴിയിൽ 80 ഏക്കറിലും നിർദ്ദിഷ്ട റോഡിനോട് ചേർന്ന് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക് ഹബ്ബും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പദ്ധതി പ്രദേശത്ത് ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോൺ സ്ഥാപിക്കാൻ അണ്ടൂർക്കോണത്ത് 48 ഏക്കർ ഭൂമിയും പന്തലക്കോട് 80 ഏക്കറും ഏറ്റെടുക്കും. മംഗലപുരം, അണ്ടൂർക്കോണം, പന്തലക്കോട്, വെങ്കോട്, അരുവിക്കര, ചെറിയകൊണ്ണി, ചൊവ്വള്ളൂർ, വിളപ്പിൽശാല, കിള്ളി, തൂങ്ങാംപാറ, മാറനല്ലൂർ, വലിയറത്തല, മുക്കംപാലമൂട്, മടവൂർപാറ, ചാവടിനട, വെങ്ങാനൂർ, കല്ലുവെട്ടാൻകുഴി തുടങ്ങിയ സ്ഥലങ്ങളിലൂടെ വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ബന്ധിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |