ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന് ഡൽഹിയിൽ നടക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിപക്ഷ റാലിക്ക് ശേഷം ‘സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന് ജന്തർമന്തറിൽ നടക്കുന്നത്. ആം ആദ്മി പാർട്ടി സർക്കാറാണ് റാലി സംഘടിപ്പിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ റാലിയിൽ പങ്കെടുക്കും.
എന്നാൽ, ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് നിവേദനം നൽകി. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അണിനിരക്കുന്ന മാർച്ചിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബംഗാളിലെ റാലിയിൽ കോൺഗ്രസും എ.എ.പിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. കൊൽക്കത്ത റാലിയിൽ അണിനിരന്നവരെല്ലാം ഡൽഹിയിലും എത്തുമെന്ന് എ.എ.പി നേതാവ് ഗോപാൽ റായി പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം മോദി-അമിത് ഷാ സഖ്യം തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കും വെല്ലുവിളിയായാണ് നേരത്തെ മമത റാലി സംഘടിപ്പിച്ചത്. 23 പാർട്ടികളിലെ നേതാക്കൾ അന്ന് റാലിയിൽ പങ്കെടുത്തിരുന്നു. ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തിയ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്‌നൻ സിൻഹ, അരുൺ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ തുടങ്ങിയവർ മമതയ്ക്കൊപ്പം അന്ന് വേദിയിൽ അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |