മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ രണ്ടാം തവണയും കിരീടമുയർത്തി ജപ്പാൻ താരം നവോമി ഒസാക്ക. അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ ഏകപക്ഷീയമായ സെറ്റുകൾക്ക് (6-4, 6-3) പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ റാങ്ക് പട്ടികയിൽ ഒസാക്കയുടെ സ്ഥാനം രണ്ടാമതായി.
അവസാന ഇരുപത് കളിയിലും തോൽവികളറിയാതെയാണ് ഒസാക്ക ഫൈനലിൽ എത്തിയത്. 77 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് ഇറങ്ങിയ ജെന്നിഫറിനെ ഒസാക്ക പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ഒസാക്കയുടെ ആധിപത്യമായിരുന്നു. ഒസാക്ക സെറീന വില്യംസിനെയും 'ബ്രാഡി' കരോളിന മുച്ചോവയെയും തോൽപിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രാൻസ്ലാം ഫൈനലിൽ ഒസാക്ക ഇതുവരെ തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2019 ലും ഒസാക്കയായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ജേതാവ്.
കഴിഞ്ഞ വർഷം നടന്ന യു.എസ്. ഓപ്പണിലും ഒസാക്കയായിരുന്നു വനിതാ സിംഗിൾസ് ജേതാവ്. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക രണ്ടാം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. ഇരുപത്തിരണ്ടുകാരിയായ ഒസാകയുടെ മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീട നേട്ടമായിരുന്നു അത്. 26 വർഷത്തിനിടയിൽ ആദ്യമായാണ് യു.എസ്. ഓപ്പൺ വനിതാ ഫൈനലിൽ ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |